ജില്ല ശിശുക്ഷേമ സമിതി നേതൃത്വത്തിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു. ചെറുകുളത്തൂരിൽ നിന്ന് ആരംഭിച്ച ശിശുദിന റാലി പെരുവയൽ ഗ്രാമപഞ്ചായത്ത് അംഗം അനിത പുനത്തിൽ ഫ്ലാഗ് ഓഫ് ചെയ്തു.
ചെറുകുളത്തൂർ ജിഎൽപി സ്കൂളിൽ നടന്ന കുട്ടികളുടെ സമ്മേളനത്തിൽ മടപ്പള്ളി ജി എച്ച്എസ്എസിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ പി കെ അധ്യക്ഷത വഹിച്ചു.
കുട്ടികളുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട പ്രൊവിഡൻസ് എൽപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നവമിക എൻ കെ ഉദ്ഘാടനവും ശിശുദിന സന്ദേശവും നൽകി. ശിങ്കാരിമേളത്തിന്റെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയും കുട്ടികളുടെ സമ്മേളനത്തിന് ശേഷം നടന്ന ഓട്ടൻതുള്ളലും കുട്ടികൾക്ക് പുതിയ അനുഭവമായി.
എഡിഎം എൻ എം മെഹറലി മുഖ്യാതിഥിയായി പങ്കെടുത്ത പരിപാടിയിൽ ശിശുദിന സ്റ്റാമ്പ് പ്രകാശനം കോഴിക്കോട് റൂറൽ എഇ കുഞ്ഞിമൊയ്തീൻ നിർവഹിച്ചു. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം ടി പി മാധവൻ, സംസ്ഥാന ശിശുക്ഷേമ സമിതി ജോയിന്റ് സെക്രട്ടറി മീര ദർശക്, ചേവായൂർ എഇ ശ്യാംജിത്ത് എൻ, കുന്നമംഗലം ഐസിഡിഎസ് ഓഫീസർ ജയശ്രീ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി പി ശ്രീദേവ്, ട്രഷറർ കെ വിജയൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ എൻ ബാബു, കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു പെരിങ്ങളം ജിഎച്ച്എസ്എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിനി നുവ ബോലെ സ്വാഗതവും എളുമ്പിനാട് എൽപി സ്കൂൾ വിദ്യാർത്ഥി മിലൻ ജൂഹി സി എ നന്ദിയും പറഞ്ഞു.