ഇ പി ജയരാജനെ പരോക്ഷമായി യുഡിഎഫിലേക്ക് ക്ഷണിച്ച യുഡിഎഫ് കൺവീനർ എം എം ഹസന്റെ നടപടി തമാശയായി കണ്ടാൽ മതിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അവർ തമ്മിൽ സൗഹൃദം ഉള്ളതാണ്. അതിൻറെ പേരിൽ പറഞ്ഞതായിരിക്കും. മറ്റൊരു പാർട്ടിയിലെ മുതിർന്ന നേതാവാണ് ഇ പിയെന്നും സതീശൻ പറഞ്ഞു.യുഡിഎഫിലേക്ക് ക്ഷണിക്കുമോയെന്ന ചോദ്യത്തിന് ഇടത് പക്ഷത്തു നിന്നും ഇ.പി അല്ല ഏത് പി പി വന്നാലും യുഡിഎഫ് ആലോചിക്കുമെന്നായിരുന്നു എം എം ഹസന്റെ പ്രതികരണം. ഇ പി തന്റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കുമ്പോൾ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി ജയരാജൻ മുറിവേറ്റ സിംഹമാണ്. പാർട്ടിക്കുള്ളിലെ അമർഷമാണ് പുസ്തകത്തിലൂടെ പുറത്തുവന്നതെന്നായിരുന്നു എം എം ഹസന്റെ മറുപടി. പാർട്ടി മനസിൽ ഏൽപ്പിച്ച പോറലുകൾക്ക് ഉള്ള മറുപടിയാണ് പുറത്തു വന്നത്. ഇന്ന് ഇ പി ജയരാജനെ ക്ഷണിച്ചുകൊണ്ട് പോയി പാലക്കാട് പ്രസംഗിക്കുന്നു. അതും ഒരു മാർക്കറ്റിംഗ് തന്ത്രമാണ്. അവിടെയും ചർച്ചയാകാൻ പോകുന്നത് ജീവചരിത്രത്തെ കുറിച്ചാണ്. സർക്കാരിനെതിരെയുള്ള വിമർശനങ്ങൾ ആധികാരിക അഭിപ്രായമായി പുറത്തുവന്നുവെന്നും എം എം ഹസൻ കൂട്ടിച്ചേർത്തു.