
ദീപാവലി, ഛാത്ത് പൂജ, ഗുരുപൂരബ്, ക്രിസ്മസ്, പുതുവര്‍ഷം മുതലായ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് രണ്ട് മണിക്കൂര്‍ നേരത്തേയ്ക്ക് പരിസ്ഥിതി സൗഹൃദ പച്ചപ്പടക്കങ്ങള്‍ ഉപയോഗിക്കാമെന്ന ദേശീയ ഹരിത ട്രൈബ്യൂണല്‍ നല്കിയ അനുമതി സുപ്രീം കോടതി അംഗീകരിച്ചു. പടക്കങ്ങള്‍ക്ക് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയ തെലങ്കാന ഹൈക്കോടതി വിധിയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. തെലങ്കാന ഫയര്‍വര്‍ക്സ് ഡീലേഴ്സ് അസോസിയേഷന് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് നല്കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി ഈ അനുമതി നല്‍കിയത്.
അന്തരീക്ഷ മലിനീകരണം കോവിഡ് കൂടുതല്‍ രൂക്ഷമാക്കാനിടയാക്കുമെന്നത് കണ്ടാണ് ഇത്തവണ പടക്കങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയത്. ഡല്‍ഹിയില്‍ പ്രതീക്ഷിച്ചത് പോലെ ശീതകാലത്ത് കോവിഡ് കേസുകള്‍ വലിയ തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. കുറഞ്ഞ മലിനീകരണം മാത്രമുണ്ടാക്കുന്ന രാസവസ്തുക്കളാണ് പച്ചപ്പടക്കങ്ങളില് ഉപയോഗിക്കുന്നത്. സാധാരണ മറ്റ് പടക്കങ്ങള്‍ 160 ഡെസിബെല്ലോളം ശബ്ദം പുറത്തുവിടുമ്പോള്‍ പച്ചപടക്കങ്ങള്ക്ക് 110-125 ഡെസിബെലേ ഉണ്ടാകൂ.

