ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ഇക്കുറി ബഹിരാകാശത്ത് നിന്ന് വോട്ട്. ബോയിങ് സ്റ്റാര്‍ ലൈനര്‍ പേടകത്തിലെ സഞ്ചാരികളായ സുനിതാ വില്യംസും, ബുച്ച് വില്‍മോറുമാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് വോട്ട് രേഖപ്പെടുത്താനൊരുങ്ങുന്നത്. ബാലറ്റിനായി അപേക്ഷ നല്‍കിയെന്ന് ഇരുവരും വ്യക്തമാക്കി.
നവംബര്‍ 5നാണ് യുഎസില്‍ തെരഞ്ഞെടുപ്പ്. വോട്ടുചെയ്യുക എന്നത് വിലപ്പെട്ട കടമയാണെന്നും അതിനായി കാത്തിരിക്കുകയാണെന്നും സുനിത വില്യംസ് പറഞ്ഞു. ഇരുവരുടെയും ബാലറ്റിന് വേണ്ടിയുള്ള അഭ്യര്‍ത്ഥന അതത് കൗണ്ടിയിലെ സംസ്ഥാന തെരഞ്ഞെടുപ്പ് ബോര്‍ഡിനാണ് അയച്ചത്.
ഇലക്ട്രോണിക് സിഗ്‌നലുകളായി, തെരഞ്ഞെടുപ്പ് ബാലറ്റ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൈമാറുന്നതാണ് രീതി. ബഹിരാകാശ സഞ്ചാരികള്‍ ഒരു എന്‍ക്രിപ്റ്റഡ് സുരക്ഷിത സംവിധാനം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രോസസിങിനായി ഭൂമിയിലേക്ക് തിരികെ അയക്കും.
വോട്ട് രേഖപ്പെടുത്തുക എന്നത് പ്രധാന കടമയാണെന്നും വോട്ട് ചെയ്യാനുള്ള അവസരം നാസ ഉറപ്പിക്കുമെന്നും ബഹിരാകാശത്തുനിന്ന് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേ ബുച്ച് വില്‍ മോര്‍ പറഞ്ഞു. ബഹിരാകാശത്ത് നിന്ന് വോട്ട് ചെയ്യാനാകുമെന്ന പ്രതീക്ഷ സുനിത വില്യംസും പങ്കുവെച്ചു.
അമേരിക്കയില്‍ നാസ ജീവനക്കാര്‍ക്ക് ബഹിരാകാശത്ത് നിന്ന് വോട്ടുചെയ്യാന്‍ അനുമതി നല്‍കുന്ന ബില്‍ 1997ല്‍ പാസാക്കിയിരുന്നു.
ജൂണ്‍ അഞ്ചിനാണ് നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനേയും ബുച്ച് വില്‍മറിനേയും വഹിച്ച് ബോയിങ് സ്റ്റാര്‍ ലൈനര്‍ പുറപ്പെട്ടത്.