ഗോവയില്‍ കോണ്‍ഗ്രസിന്റെ എട്ട് എംഎല്‍എമാര്‍ പാര്‍ട്ടിയില്‍ ചേരുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് സദാനന്ദ് ഷെഡ് തനാവാഡെ പറഞ്ഞു. കൂറുമാറാനൊരുങ്ങുന്ന 8 എംഎൽഎമാരിൽ മുന്‍മുഖ്യമന്ത്രി ദിഗംബര്‍ കാമത്തും പ്രതിപക്ഷ നേതാവ് മൈക്കൽ ലോബോയും ഉണ്ട്. എട്ട് പേർ ബിജെപിയിലേക്ക് പോയാൽ ഗോവയിൽ ശേഷിക്കുക മൂന്ന് കോൺഗ്രസ് എംഎൽഎമാർ മാത്രമാകും.ഗോവയില്‍ കോണ്‍ഗ്രസിന് ആകെ 11 എംഎല്‍എമാരാണ് ഉള്ളത്. നേരത്തെയും ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ചെക്കേറിയതിനെ തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സ്ഥാനാര്‍ഥികളെ കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷം എംഎല്‍എമാരെ ആരാധനാലയങ്ങളില്‍ എത്തിച്ച് പ്രതിജ്ഞ എടുപ്പിച്ചിരുന്നു.
ഗോവയില്‍ നിലവില്‍ ബിജെപി സര്‍ക്കാരാണ് അധികാരത്തിലുള്ളത്. മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തിലുള്ള ബിജെപിക്ക് 20 എംഎല്‍എമാരുണ്ട്. 40 അംഗ നിയമസഭയാണ് ഗോവയിലുള്ളത്.
പ്രതിജ്ഞയൊന്നും ഏറ്റില്ല;ഗോവയില്‍ മുന്‍ മുഖ്യമന്ത്രി അടക്കം എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക്
