ചെലവൂര്‍; ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നതിന് പിന്നിലെ കാരണം പരസ്പരമുള്ള സംശയം. ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു ബിഎസ്എന്‍എല്‍ റിട്ടയര്‍ഡ് സൂപ്രണ്ടായ രാഘവന്‍(65) ഭാര്യ ശോഭയെ(54) വെട്ടിക്കൊന്നത്. പെട്ടന്നുണ്ടായ മരണം നാടിനെ ഞെട്ടിച്ചെങ്കിലും കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് പ്രാഥമിക നിഗമനം. വീട്ടില്‍ ഭാര്യയും ഭര്‍ത്താവും തമ്മില്‍ പലപ്പോഴു വഴക്കുണ്ടായിരുന്നതായി അടുപ്പമുള്ളവര്‍ പറഞ്ഞു. ഇതില്‍ പ്രയാസപ്പെട്ട ഗ്രാഫിക് ഡിസൈനറായ മകന്‍ രൂപേഷ് മാറിത്താമസിക്കുകയായിരുന്നു. മൂന്നുതവണ രാഘവന്‍ വീടുമാറിയിട്ടുണ്ട്. രാഘവന്‍ പലപ്പോഴും മാനസിക വിഭ്രാന്തി കാണിക്കുകയും മകന്‍ ചികിത്സക്കായി ശ്രമിക്കുകയും ചെയ്തിരുന്നു എന്നാണ് വിവരം. എന്നാല്‍ ഇയാള്‍ ചികിത്സക്ക് സമ്മതിച്ചിരുന്നില്ല.
ചെലവൂരിലെ വീട്ടില്‍ ഇവര്‍ താമസിക്കുമ്പോള്‍ അയല്‍ക്കാരോട് വലിയ ബന്ധം നിലനിര്‍ത്തിയിരുന്നില്ല. രാവിലെ ബഹളം കേട്ട് സംശയം തോന്നിയ അയല്‍വാസി വീട് എല്ലാ ഭാഗത്ത് നിന്നും പൂട്ടിയിട്ടത് കണ്ടതിനാല്‍ പോലീസിനെ അറിയിക്കുകയായിരുന്നു.
സ്ഥലത്ത് ചേവായൂര്‍ എസ്‌ഐ യുടെ നേതൃത്വത്തിലുള്ള പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും പരിശോദന നടത്തിയിട്ടുണ്ട്. രണ്ടു നിലയുള്ള വീട്ടിലെ താഴത്തെ മുറിയിലാണ് കൊലപാതകം നടന്നത്. വീടിന്റെ മുന്‍ ഭാഗത്തെ ഗ്രില്ല് വരെ പൂട്ടിയിരുന്നു. ചേവായൂര്‍ പോലീസ് എത്തിയാണ് പൂട്ട് തുറന്നത്. കൊലപാതകം നടന്ന സ്ഥലത്ത് മരിച്ച ശോഭയുടെ മുടി നിലത്ത് വീണുകിടക്കുകയും രക്തം തളം കെട്ടി നില്‍ക്കുകയും ചെയ്യുന്ന നിലയിലുമാണ്. വീട്ടുസാധനങ്ങളെല്ലാം ചിതറിക്കിടക്കുന്നതിനാല്‍ മല്‍പ്പിടുത്തം നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കഴുത്തിന്റെ പിന്‍ ഭാഗത്താണ് വെട്ടേറ്റത്. മുഖത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിലാണ്. ഇതിനിടയില്‍ രാഘവന്‍ ആഹ്തമഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു, ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രൂപകല, രൂപേഷ് എന്നിവരാണ് മക്കള്‍. രഞ്ജിത്ത് ആണ് മരുമകന്‍.