വ്യവസായിയെ പറ്റിച്ച് 60 കോടി രൂപ തട്ടിയെടുത്ത കേസില്‍ നടി ശില്‍പ ഷെട്ടിക്കെതിരെയും പങ്കാളി രാജ് കുന്ദ്രയ്ക്കുമെതിരെയും കേസ്. മുംബൈ പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് (ഇഒഡബ്ല്യു) നടിക്കെതിരെ കേസെടുത്തത്. ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ വായ്പയും നിക്ഷേപവും സംബന്ധിച്ച ഇടപാടില്‍ ബിസിനസുകാരനെ പറ്റിച്ചെന്ന പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. 60.48 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതി. നടിക്കും ഭര്‍ത്താവിനുമെതിരെ ജുഹു പൊലീസ് സ്റ്റേഷനില്‍ ഇഒഡബ്ല്യൂ കേസ് രജിസ്റ്റര്‍ ചെയ്തതായി പൊലീസ് അറിയിച്ചു. ലോട്ടസ് ക്യാപിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ ഡയറക്ടറും ബിസിനസുകാരനുമായ ദീപക് കോത്താരിയുടെ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.
ഓണ്‍ലൈന്‍ ഷോപ്പിംഗ്, റീട്ടെയില്‍ പ്ലാറ്റ്ഫോമായ ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിന്റെ ഡയറക്ടര്‍മാരായിരുന്നു താരവും പങ്കളിയും. ബിസിനെസ്സ് വിപുലീകരിക്കുന്നതിന്റെ ഭാഗമായി കോത്താരിയില്‍ നിന്ന് ഇവര്‍ പണം വായ്പയായി വാങ്ങുകയായിരുന്നു. പിന്നീട് പ്രതിമാസ റിട്ടേണും മുതലിന്റെ തിരിച്ചടവും വാഗ്ദാനം ചെയ്ത് നിക്ഷേപമെന്ന നിലയില്‍ തുക ലഭ്യമാക്കാന്‍ കോത്താരിയോട് ആവശ്യപ്പെട്ടതായാണ് പരാതിയില്‍ പറയുന്നത്. 2015 ഏപ്രിലില്‍ ഷെയര്‍ സബ്സ്‌ക്രിപ്ഷന്‍ കരാര്‍ പ്രകാരം 31.95 കോടി രൂപയും, 2015 സെപ്റ്റംബറില്‍ സപ്ലിമെന്ററി കരാര്‍ പ്രകാരം 28.53 കോടിയും കൈമാറിയിട്ടുണ്ട്.
ഐപിസി സെക്ഷന്‍ 403 (സ്വത്തിന്റെ ദുരുപയോഗം), 406 (ക്രിമിനല്‍ വിശ്വാസ വഞ്ചന), 34 എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

