സ്വാതന്ത്ര്യദിനത്തിന് മുന്‍പുള്ള വാരാന്ത്യം വിവിധ ഭാഷകളില്‍ നിന്നായി വന്‍ റിലീസുകളാണ് തിയറ്ററുകളില്‍ എത്തിയത്. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഇന്ത്യയിലെ തിയേറ്ററുകളിൽ ഏറ്റവും തിരക്കേറിയ വാരാന്ത്യമായിരുന്നു ഓഗസ്റ്റ് 11-13 ദിവസങ്ങളിലേത് എന്ന് മൾട്ടിപ്ലക്സ് അസോസിയേഷൻ ഓഫ് ഇന്ത്യയും പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യയും പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. രണ്ട് കോടിയിലധികം ആളുകളാണ് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിലെ തന്നെ റെക്കോർഡ് ആണിത്.
ജയിലറും ഗദ്ദർ ടുവും ഒഎംജി ടുവും (ഓ മൈ ഗോഡ് 2) ഭോലാ ശങ്കറം ചേർന്ന് നേടിയ വാരാന്ത്യ കലക്‌ഷന്‍ 390 കോടിയില്‍ കൂടുതലാണെന്നും കഴിഞ്ഞ 10 വര്‍ഷത്തെ റെക്കോര്‍ഡ് തകർത്തുകൊണ്ടാണ് 2.10 കോടി ആളുകള്‍ ഈ വാരാന്ത്യത്തിൽ തിയറ്ററുകളിലെത്തിയതെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു. വാരാന്ത്യത്തില്‍ 390 കോടി എന്നത് ഇന്ത്യന്‍ സിനിമയുടെ 100 വര്‍ഷത്തിലധികമുള്ള ചരിത്രത്തില്‍ ആദ്യമാണ്. ഇന്ത്യൻ സിനിമാവ്യവസായത്തിന് പുത്തനുണർവ് പകർന്ന മുഴുവൻ സിനിമാപ്രവർത്തകരെയും ഈ സംഘടനകൾ നന്ദി അറിയിച്ചിട്ടുണ്ട്.
കോവിഡ് കാലത്ത് അമ്പേ തകർന്നുപോയ മേഖലകളിൽ ഒന്നായിരുന്നു സിനിമാ വ്യവസായം. ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ അതിപ്രസരത്തോടെ പ്രേക്ഷകർ വീട്ടിലിരുന്നു സിനിമകൾ ആസ്വദിക്കാൻ തുടങ്ങിയത് കനത്ത തിരിച്ചടിയാണ് തിയറ്റർ മേഖലയ്ക്ക് സമ്മാനിച്ചത്. ജനുവരിയിൽ ഷാരൂഖ് ഖാന്റെ “പത്താൻ” നേടിയ വിജയം ബോക്സ് ഓഫീസിന് ശക്തി നൽകിയിരുന്നു. പിന്നാലെ ‘തു ജൂതി മേം മക്കാർ’, “സാരാ ഹട്‌കെ സാരാ ബച്ച്‌കെ”, തെലുങ്കിലെ ‘വാൾട്ടർ വീരയ്യ’, ‘വീര സിംഹ റെഡ്‌ഡി’ മലയാളം ചിത്രങ്ങളായ “2018”, “രോമാഞ്ചം”, തമിഴ് ഭാഷയിലുള്ള “പൊന്നിയിൻ സെൽവൻ: 2” തുടങ്ങിയവ 2023ലെ ആദ്യ ആറ് മാസങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ‘ഫാസ്റ്റ് എക്‌സ്’, ‘ബാർബി’, ‘ഓപ്പൺഹൈമർ’ തുടങ്ങിയ സിനിമകളിലൂടെ ഹോളിവുഡിന് ഇന്ത്യയിൽ 10 ശതമാനത്തോളം വിപണി വിഹിതം നേടിയിരുന്നു.