മ്യാന്മാർ അതിർത്തിയിലെ തങ്ങളുടെ ക്യാമ്പുകൾക്ക് നേരെ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി നിരോധിത സംഘടനയായ പരേഷ് ബറൂവ നേതൃത്വം നൽകുന്ന ഉൾഫ (ഐ). ഞായറാഴ്ച തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടായെന്നാണ് ആരോപണം. എന്നാൽ ഇന്ത്യൻ സൈന്യം ഇത് നിഷേധിച്ചു.
മ്യാന്മറിലെ സഗൈങ്ങിലുള്ള തങ്ങളുടെ ക്യാമ്പുകളിൽ ഇന്ത്യൻ സൈന്യം ആക്രമണം നടത്തിയെന്നാണ് ആരോപണം. പുലർച്ചെ രണ്ടു മുതൽ നാലു വരെ നാഗാലാൻഡിലെ ലോങ്വ മുതൽ അരുണാചൽ പ്രദേശിലെ പാങ്സോ പാസ് വരേയുള്ള മേഖലയിൽ ആക്രമണം നടത്തിയെന്നാണ് ഉൾഫ ആരോപിക്കുന്നത്.
ഇസ്രായേൽ, ഫ്രാൻസ് നിർമ്മിത 150-ലേറെ ഡ്രാണുകളുപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും ഉൾഫ പ്രസ്താവനയിൽ ആരോപിച്ചു. ആക്രമണത്തിൽ വിമത സൈനികരായ നയൻ അസം, ഗണേഷ് അസം, പ്രദീപ് അസം എന്നിവർ കൊല്ലപ്പെട്ടുവെന്നും 19 ഓളം പേർക്ക് പരിക്കേറ്റുവെന്നും പ്രസ്താവനയിൽ ആരോപിച്ചു. നയന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയാണ് രണ്ടാമത്തെ ഡ്രോൺ ആക്രമണം ഉണ്ടായത്. ഈ ആക്രമണത്തിലാണ് മറ്റു രണ്ടുപേരുടെ ജീവൻ നഷ്ടപ്പെട്ടതെന്നും അവർ ആരോപിച്ചു.
മ്യാന്മർ സൈന്യവുമായി സഹകരിച്ചാണ് ഈ ആക്രമണം നടത്തിയതെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. എന്നാൽ ഗുവാഹത്തിയിലെ പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ മഹേന്ദ്ര റാവത്ത് ഇക്കാര്യം നിഷേധിച്ചു. ഇന്ത്യൻ സൈന്യത്തിന് അത്തരത്തിൽ ഒരു ഓപ്പറേഷനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയോട് അദ്ദേഹം പ്രതികരിച്ചു.

