മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തിയ ബജ്റംഗ് മുനി ദാസ് അറസ്റ്റിൽ.സീതാപൂരിൽ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്.വിവാദമായ പ്രസംഗം നടത്തി പതിനൊന്ന് ദിവസത്തിന് ശേഷമാണ് അറസ്റ്റ്. ഖൈരാബാദിലെ മഹർഷി ശ്രീ ലക്ഷ്മൺ ദാസ് ഉദസിൻ ആശ്രമത്തിന്റെ തലവനാണ് ബജ്റംഗ് മുനി ദാസ്.വിദ്വേഷ പ്രസംഗം, അപകീർത്തികരമായ പരാമർശം, ലൈംഗികാതിക്രമം തുടങ്ങിയ വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. കേസെടുത്തതിന് ശേഷം പരാമർശത്തിൽ മുനി ദാസ് മാപ്പ് പറയുന്ന വീഡിയോയും പ്രചരിച്ചു.
ഏപ്രിൽ രണ്ടിനാണ് മുസ്ലീം സ്ത്രീകളെ ബലാത്സംഗം ചെയ്യണമെന്ന് ഭീഷണി മുഴക്കുന്ന രണ്ട് മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ പ്രചരിക്കാൻ തുടങ്ങിയത്. സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ ഇടപെട്ടിരുന്നു. ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗങ്ങൾ അംഗീകരിക്കാനാവില്ലെന്നും മുനി ദാസിനെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരും പൗരപ്രമുഖരും മുൻ സായുധ സേനാ മേധാവികളും ഉൾപ്പെടെ നൂറിലധികം പേർ രാഷ്ട്രപതി രാംനാഥ് കോവിന്ദിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തെഴുതിയിരുന്നു