വിജയ് ചിത്രം ‘ബീസ്റ്റ്’ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദിവസംതന്നെ വ്യാജപതിപ്പും പുറത്തിറങ്ങി. തമിഴ് റോക്കേഴ്‌സ്, മൂവിറൂൾസ് തുടങ്ങിയ ഓൺലൈൻ ഗ്രൂപ്പുകളാണ് ‘ബീസ്റ്റ്’ ചോർത്തി ഇന്റർനെറ്റിൽ കൊടുത്തിരിക്കുന്നത്.ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം തിയേറ്ററുകളിൽ റീലീസ് ചെയ്ത് മണിക്കൂറുകൾക്കകമാണ് അനധികൃത വെബ്‌സൈറ്റുകളിൽ ചിത്രത്തിന്റെ വ്യാജപ്പതിപ്പും പുറത്തിറങ്ങിയത്.മുമ്പും പ്രധാന താരങ്ങളുടെ സിനിമകൾ റിലീസ് ചെയ്ത ഉടൻ തന്നെ ഇത്തരത്തിൽ വ്യാജ പതിപ്പുകൾ ലഭ്യമാക്കിയിട്ടുണ്ട്. എന്നാൽ അനധികൃതമായ ലഭിക്കുന്ന സൈറ്റുകളിൽനിന്ന് ഡൗൺലോഡ് ചെയ്ത് ചിത്രം കാണരുതെന്ന അഭ്യർഥനയുമായി വിജയ് ആരാധകർ രംഗത്തെത്തി.
നെൽസന്റെ സംവിധാനത്തിൽ വിജയ് കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ആരാധകരിൽ നിന്നും ലഭിക്കുന്നത്. നായികയായി പൂജ ഹെഗ്‌ഡെ എത്തുമ്പോൾ മലയാളി താരങ്ങളായ ഷൈൻ ടോം ചാക്കോയും അപർണ ദാസും ചിത്രത്തിൽ വേഷമിടുന്നുണ്ട്. സണ്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അനിരുദ്ധാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
തമിഴ്‌നാട്ടിൽ 800 തിയേറ്ററുകളിലും ആഗോളതലത്തിൽ ആറായിരത്തോളം സ്‌ക്രീനുകളിലുമാണ് റിലീസ്. റിലീസ് ചെയ്ത ആദ്യ ദിനം തന്നെ തമിഴ് നാട്ടിൽ മാത്രം റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്. നിലവിൽ ലഭ്യമായ കണക്കുകൾ അനുസരിച്ച് ‘ബീസ്റ്റ്’ തമിഴ്‌നാട്ടിൽ മാത്രം 30 മുതൽ 35 കോടി വരെ നേടിയതായാണ് റിപ്പോർട്ടുകൾ.