ക്വലാലംപുരില്‍നിന്ന് തവൗവിലേക്കുള്ള എയര്‍ ഏഷ്യ വിമാനത്തിൽ പാമ്പിനെ കണ്ട് ഭയന്ന് യാത്രക്കാർ. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം.വിമാനത്തിനുള്ളിലെ പാമ്പിന്റെ ദൃശ്യങ്ങള്‍ യാത്രക്കാര്‍ പകര്‍ത്തുകയും ഇപ്പോൾ ഇത് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുകയുംചെയ്യുന്നുണ്ട്. വിമാനത്തില്‍ മുകള്‍ഭാഗത്ത് ലഗ്ഗേജുകള്‍ വെക്കുന്നതിന് ഉള്ളിലായിരുന്നു പാമ്പ്. സുതാര്യമായ ഒരു ഭാഗത്തുകൂടിയാണ് ഉള്ളിലുള്ള പാമ്പിനെ യാത്രക്കാര്‍ കണ്ടത്.
വിമാനത്തില്‍ പാമ്പുണ്ടെന്നറിഞ്ഞ് യാത്രക്കാര്‍ പരിഭ്രാന്തരാവുകയും അടിയന്തര സാഹചര്യം പരിഗണിച്ച് പൈലറ്റ് വിമാനം വഴിതിരിച്ചുവിടുകയും കുച്ചിങ് വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. തുടര്‍ന്ന് ഇവിടെവെച്ച് ജീവനക്കാര്‍ വിമാനം പരിശോധിക്കുകയും പാമ്പിനെ പിടികൂടുകയും ചെയ്തു. അതിനുശേഷം വിമാനം തവൗവിലേക്കുള്ള യാത്ര തുടര്‍ന്നു. യാത്രക്കാരില്‍ ആര്‍ക്കും പാമ്പ് മൂലം അപായമൊന്നും സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പാമ്പ് എങ്ങനെയാണ് വിമാനത്തില്‍ കയറിക്കൂടിയതെന്ന് വ്യക്തമല്ല.