കോവിഡ് വാക്സിനേഷന് ഒരു കേന്ദ്രത്തില്‍ ഒരു വാക്സിന് മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കോവിഷീല്‍ഡോ കോവാക്സിനോ ഉപയോഗിക്കാം. ലഭ്യതക്കനുസരിച്ച് ഇവയില്‍ ഏത് വേണമെന്ന് തീരുമാനിക്കാം. രണ്ടാമത്തെ ഡോസ് എടുക്കുമ്പോള്‍ ആദ്യം സ്വീകരിച്ച വാക്സിന് തന്നെ സ്വീകരിക്കണം. ശനിയാഴ്ചയോടെ രാജ്യത്ത് 3000 വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാകും. അടുത്ത മാസം ഇത് 5000 ആയി ഉയര്‍ത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
അതേസമയം, കേരളത്തില്‍ മൂന്ന് മേഖലാ കേന്ദ്രങ്ങളിലെത്തിച്ച വാക്സിന് ഇന്നുമുതല്‍ ജില്ലാ കേന്ദ്രങ്ങളിലേക്ക് വിതരണം ചെയ്യും. ശീതികരണ സംവിധാനം ഉറപ്പാക്കിയാണ് വിതരണം. മറ്റന്നാള്‍ മുതലാണ് കുത്തിവെപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖല കേന്ദ്രങ്ങളിലെത്തിച്ച കോവിഷീല്‍ഡ് വാക്സിന് രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് വരെ ഊഷ്മാവിലാണ് സൂക്ഷിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ മേഖലാ കേന്ദ്രത്തില്‍നിന്ന് തിരുവനന്തപും, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് വാക്സിന് എത്തിക്കുക. കൊച്ചിയില്‍ നിന്ന് എറണാകളം, ഇടുക്കി, കോട്ടയം, പാലക്കാട് , തൃശൂര്‍ ജില്ലകളില്‍ എത്തിക്കും. കോഴിക്കോട് കേന്ദ്രത്തില്‍ നിന്ന് കണ്ണൂര്‍, കോഴിക്കോട്, കാസര്‍കോട്, മലപ്പുറം, വയനാട് ജില്ലകളിലേക്കും വാക്സിനെത്തിക്കും. ഏറ്റവും കൂടുതല്‍ വാക്സിന് കിട്ടുക എറണാകുളം ജില്ലക്കാണ്, 73000 ഡോസ്. കുറവ് കാസര്‍കോട് ജില്ലയില്‍, 6860 ഡോസ്.
ശനിയാഴ്ച മുതല്‍ 133 കേന്ദ്രങ്ങളില്‍ കുത്തിവെപ്പ് നല്‍കും. വാക്സിന് കൂടുതല്‍ കിട്ടുന്ന മുറയ്ക്ക് ഓരോ ജില്ലയിലും നൂറിലധികം വാക്സിനേഷന് കേന്ദ്രങ്ങള്‍ സജ്ജമാക്കും. ആദ്യ ഡോസ് വാക്സിനെടുത്ത് 28 ദിവസങ്ങള്‍ക്കു ശേഷമാണ് രണ്ടാം ഡോസ് എടുക്കേണ്ടത്. ഫെബ്രുവരി ആദ്യ ആഴ്ചയോടെ കേരളത്തിന് ആവശ്യമായ വാക്സിന് ലഭിക്കും.

