കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ആധുനിക ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുമായി വനംവകുപ്പ്. വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് സെക്രട്ടേറിയറ്റ് അനക്‌സിൽ വനം മന്ത്രി അഡ്വ കെ രാജു നിർവഹിച്ചു. വനസംരക്ഷണ പ്രവർത്തനങ്ങൾക്ക് പരമ്പരാഗതമായി പിന്തുടരുന്ന രീതികൾക്കൊപ്പം അത്യന്താധുനിക സംവിധാനങ്ങളുടെ സഹായം ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകുമെന്ന് മന്ത്രി പറഞ്ഞു.
കാട്ടുതീ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് ഈ വാഹനങ്ങൾ ഉപകാരപ്രദമാണ്. ഉൾവനങ്ങളിലേക്ക് പോലും കൂപ്പു റോഡുകളിലൂടെ വേഗത്തിലെത്തി അഗ്നി ശമന-പ്രതിരോധ പ്രവർത്തനങ്ങളിലും മറ്റു അനുബന്ധ രക്ഷാപ്രവർത്തനങ്ങളിലും ഏർപ്പെടാവുന്ന തരത്തിലുള്ള വാഹനങ്ങളാണിത്. രക്ഷാപ്രവർത്തകർക്ക് ധരിക്കാനുള്ള ആധുനിക ഫയർസ്യൂട്ട്, മറ്റു അനുബന്ധ ഉപകരണങ്ങൾ എന്നിവ വാഹനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പമ്പുകൾ ജലത്തെ ചെറുകണികകളാക്കി നൂറ് മീറ്ററിലേറെ ദൂരത്തേക്ക് തളിക്കും. കാട്ടു തീ അണയ്ക്കുന്നതിനോടൊപ്പം പടരുന്നത് തടയാനും ഇത് ഉപകരിക്കും. ജലാശയങ്ങളിൽ നിന്ന് 100 മീറ്റർ ദൂരത്തേക്ക് നേരിട്ട് എത്ര സമയം വേണമെങ്കിലും വെള്ളം പമ്പുചെയ്യാൻ സാധിക്കും. കൂടാതെ 450ലിറ്റർ വെള്ളം ശേഖരിക്കാൻ ടാങ്കുകളും ഈ വാഹനങ്ങളിൽ സജ്ജമാക്കിയിട്ടുണ്ട്. 59 ലക്ഷം രൂപയാണ് വാഹനങ്ങൾക്ക് ചെലവായത്.
മരങ്ങൾ വീണ് കാട്ടുപാതകളിലുണ്ടാകുന്ന മാർഗതടസ്സം നീക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ, മനുഷ്യ-വന്യജീവി സംഘർഷം നിലനിൽക്കുന്ന സ്ഥലങ്ങളിൽ അവയെ കാട്ടിലേക്ക് തുരത്തുന്നതിന് ഉപയോഗപ്രദമായ സൈറൻ, പ്രദേശവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നതിനുള്ള സംവിധാനങ്ങൾ, കാട്ടിനുള്ളിൽ ആവശ്യമായ വെളിച്ചം ലഭ്യമാക്കുന്നതിനുള്ള സെർച്ച് ലൈറ്റുകൾ എന്നിവയും വാഹനത്തിലുണ്ട്.
അത്യുഷ്ണകാലത്ത് കോട്ടൂർ, വയനാട് ആനപുനരധിവാസ കേന്ദ്രങ്ങളിൽ ആനകളെ തണുപ്പിക്കുന്നതിനും, ആദിവാസി കോളനികളിൽ കുടിവെള്ളമെത്തിക്കുന്നതിനും വന്യമൃഗങ്ങൾക്ക് ഉൾക്കാടുകളിൽ ജലലഭ്യത ഉറപ്പാക്കുന്നതിനും വാഹനം ഉപയോഗിക്കാനാവും. ആദ്യഘട്ടത്തിൽ സെൻട്രൽ സർക്കിൾ തൃശ്ശൂർ, ഈസ്റ്റ് സർക്കിൾ പാലക്കാട് എന്നിവിടങ്ങളിൽ വാഹനങ്ങളുടെ സേവനം ലഭ്യമാക്കും.
വാഹനങ്ങളുടെ പ്രവർത്തനരീതിയെക്കുറിച്ച് വകുപ്പിലെ 30 വനസംരക്ഷണജീവനക്കാർക്ക് പരിശീലനം നൽകി. മുഴുവൻ വന സംരക്ഷണ ജീവനക്കാർക്കും ഇതിനാവശ്യമായ പരിശീലനം നൽകും. ആദ്യഘട്ട പ്രവർത്തനങ്ങളുടെ ഫലം വിലയിരുത്തിയ ശേഷം എല്ലാ ജില്ലകളിലും ഫോറസ്റ്റ് ഫയർ റെസ്‌പോണ്ടർ വാഹനങ്ങളുടെ സേവനം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കുമെന്ന് മന്ത്രി പറഞ്ഞു.
മുഖ്യ വനം മേധാവി പി കെ കേശവൻ, പി സി സി എഫ്മാരായ ദേവേന്ദ്രകുമാർ വർമ, ബെന്നിച്ചൻ തോമസ്, എ പി സി സി എഫ് മാരായ ഗോപാലകൃഷ്ണൻ, ഇ പ്രദീപ് കുമാർ, വി വി ഷാജിമോൻ തുടങ്ങി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു.