ചെന്നൈയില്‍ പ്രളയക്കെടുതികള്‍ ഒഴിഞ്ഞുതുടങ്ങിയെങ്കിലും ദുരിതം പെയ്തതിറങ്ങിയ പെരുമഴക്കാലത്തെ ഏറ്റവും വലിയ നോവായി മാറുകയാണ് പൊന്നോമനയെ ജീവനോടെ കാണാന്‍ ഭാഗ്യമില്ലാതെ പോയ മസൂദ് എന്ന യുവാവ്. പ്രളയത്തിനിടെ ആശുപത്രിയിലെത്തിക്കാനാകാതെ മസൂദിന്റെ ഭാര്യ വീട്ടില്‍ പ്രസവിച്ചെങ്കിലും കുഞ്ഞിനെ അവര്‍ക്ക് ജീവനോടെ കിട്ടിയില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ വാഹനം തേടിയിറങ്ങിയ മസൂദ് തിരിച്ചുവന്നപ്പോള്‍ കണ്മുന്നില് കാണുന്നത് ചേതനയറ്റ പെണ്കുഞ്ഞിനെയും ചോര വാര്‍ന്നുകിടക്കുന്ന ഭാര്യ സൗമ്യയെയുമാണ്. ആ രാത്രി ഇപ്പോഴും മസൂദിന് മറക്കാനാകുന്നില്ല. അതിനുശേഷവും മസൂദിന്റെ ദുരിതം തീര്‍ന്നിരുന്നില്ല. ആശുപത്രിയിലെ നടപടികള്‍ക്കൊടുവില്‍ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി കിട്ടിയ കുഞ്ഞിന്റെ മൃതദേഹം മറവുചെയ്യാന്‍ പലരുടെയും കാലുപിടിക്കേണ്ടിവന്നു ഈ സാധു യുവാവിന്.ചെന്നൈ പുളിയന്തോപ്പിലെ വീട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. പ്രളയത്തില്‍ വീട്ടില്‍ വെള്ളം കയറി. വീടിന്റെ ചുറ്റും വലിയ രീതിയില്‍ വെള്ളം കയറി ഒറ്റപ്പെട്ട നിലയിലായപ്പോഴാണ് കഴുത്തറ്റം വെള്ളമുയര്‍ന്നപ്പോഴാണ് മസൂദ് ബാഷയുടെ ഭാര്യ സൗമ്യക്ക് പ്രസവവേദന തുടങ്ങിയത്. 108 ആംബുലൻസിലേക്ക് കോൾ പോകാതെ വന്നതോടെആശുപത്രിയിലേക്ക് മാറ്റാനുള്ള മാര്‍ഗ്ഗം തേടി മസൂദ് പുറത്തേക്ക് പോയി. പിന്നീട് തിരിച്ചുവരുമ്പോഴേക്കും സൗമ്യ പെണ്‍കുഞ്ഞിനെ പ്രസവിച്ചിരുന്നു. എന്നാല്‍, കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞിനെയും സൗമ്യയെയും ഏറെ പണിപ്പെട്ട് മസൂദ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.പിന്നീട് നടപടിക്രമങ്ങള്‍ക്കുശേഷം കുഞ്ഞിന്റെ മൃതദേഹം സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. എന്നാല്‍, കുഞ്ഞുശരീരം മറവുചെയ്യാന്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ചറി ജീവനക്കാരൻചോദിച്ച 2500 രൂപ മസൂദിന്റെ പക്കലുണ്ടായിരുന്നില്ല. കുഞ്ഞ് മരിച്ച് നാലാം നാൾ ചില മുസ്ലീം സംഘടനകളുടെ സഹായത്തോടെ പണവുമായി എത്തിയപ്പോൾ കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാണ് കുഞ്ഞു മൃതദേഹം അവര്‍ കൈമാറിയത്. ആശുപത്രിയിൽ നിന്ന് ഡിസ്ചാര്‍ജായ സൗമ്യയുമൊത്ത് വീട്ടിലെത്തിയപ്പോഴാണ് മസൂദ് തനിക്കുണ്ടായ ദുരന്തത്തെക്കുറിച്ച് പറയുന്നത്.ആരെയും കുറ്റപ്പെടുത്താനില്ലെന്ന് മസൂദ് പറയുമ്പോഴും കണ്ണുകളില്‍ ഭയവും നിസഹായതയും കാണാനാകും.അന്തസ്സോടെ ജനിക്കാനും അന്തസ്സോടെ മരിക്കാനും അവസരം കിട്ടാതെ പോയ ആ പിഞ്ചോമനയുടെ അച്ഛനായ മസൂദും ഭാര്യയും പ്രളയത്തിന്റെ തീരാനോവുമായാണിപ്പോള്‍ ആ വീട്ടില്‍ കഴിയുന്നത്.