കോഴിക്കോട് ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ സാംബശിവ റാവു അറിയിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പിനായി എല്ലാവരും സഹകരിക്കണം.
ഡിസംബര്‍ 14 ന് രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിക്കും. വൈകീട്ട് ആറ് വരെയാണ് പോളിംഗ്. കൃത്യമായ മുന്നൊരുക്കങ്ങളാണ് ജില്ലാഭരണ കൂടം നടത്തിയത്. പോളിംഗ് സ്റ്റേഷനുകള്‍ അണുവിമുക്തമാക്കും. 2,533,024 വോട്ടര്‍മാരാണ് ഇക്കുറി വിധിനിര്‍ണ്ണയം നടത്തുന്നത്. ഇതില്‍ 1,208,545 പുരുഷന്മാരും 1,324,449 സ്ത്രീകളും 30 ട്രാന്‍സ്‌ജെന്‍ഡര്‍മാരും ഉള്‍പ്പെടുന്നു. 1064 പ്രവാസി വോട്ടര്‍മാരുമുണ്ട്. 5,985 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. പട്ടികജാതി വിഭാഗത്തില്‍ 284 പേരും പട്ടികജാതി വനിത വിഭാഗത്തില്‍ 162 പേരും പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ മൂന്നു പേരുമാണ് വിവിധ മണ്ഡലങ്ങളിലായി ജനവിധി തേടുന്നത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ 350 മത്സരാര്‍ത്ഥികള്‍. ജില്ലാ പഞ്ചായത്തിലേക്ക് 102 പേരാണ് മത്സരിക്കുന്നത്. ഇതില്‍ 47 പേര്‍ പുരുഷന്മാരും 55 പേര്‍ സ്ത്രീകളുമാണ്. ഏഴ് മുന്‍സിപ്പാലിറ്റികളിലായി 882 പേര്‍ മത്സരിക്കുമ്പോള്‍ 146 പേര്‍ മത്സരരംഗത്തുള്ള വടകരയിലാണ് ഏറ്റവും കൂടുതല്‍ പേരുള്ളത് 69 പുരുഷന്മാരും 77 സ്ത്രീകളും. കുറവ് 99 പേര്‍ മത്സരിക്കുന്ന രാമനാട്ടുകരയിലാണ് 45 പുരുഷന്മാരും 54 സ്ത്രീകളും. 12 ബ്ലോക്ക് പഞ്ചായത്തുകളിലായി 557 പേര്‍ മത്സരിക്കുമ്പോള്‍ 4,095 പേരാണ് ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലേക്ക് മത്സരിക്കുന്നത്.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 3,274 വോട്ടിംഗ് മെഷീനുകളാണ് സജ്ജമാക്കിയത്. പോളിംഗ് സ്റ്റേഷനുകള്‍ ഭിന്നശേഷി സൗഹൃദമാക്കി. ഓരോ വോട്ടറുടെയും സ്വകാര്യത ഉറപ്പുവരുത്തുന്ന വിധമാണ് വോട്ടിംഗ് കമ്പാര്‍ട്ട്‌മെന്റുകളുടെ സജ്ജീകരണം. ജില്ലയിലാകെ 2,987 ബൂത്തുകളാണുള്ളത്. ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ 1000 പ്രശ്‌നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍ പരിധിയിലുള്ളത് 915 സെന്‍സിറ്റീവ് ബൂത്തുകളാണ്. നഗരപരിധിയിയില്‍ 78 സെന്‍സിറ്റീവ് ബൂത്തുകളും നല്ലളം, ചേവായൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകളുമാണ് ഉള്ളത്. പരിത ചട്ടം പാലിച്ച് 15 മാതൃകാ ബൂത്തുകളും ഒരുക്കിയിട്ടുണ്ട്. ജില്ലയിലുടനീളം ഹരിതചട്ടം പാലിച്ചുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തീകരിക്കുക. തെരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്കായി 1951 വാഹനങ്ങളാണ് സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പുറമെ സജ്ജമാക്കിയത്.
ഡിസംബര്‍ 13ന് വൈകുന്നേരം മൂന്ന് മണി വരെയാണ് പ്രത്യേക ബാലറ്റ് വിതരണം ചെയ്യുന്നത്. കോവിഡ് സുരക്ഷക്കാവശ്യമായ പി.പി.കിറ്റ്, സാനിറ്റൈസര്‍, ഗ്ലൗസ്, മാസ്‌ക്, ഫേസ് ഷീല്‍ഡ്് എന്നിവ വിതരണം ചെയ്യുന്നതിനായി കൈമാറിയിട്ടുണ്ട്. ജില്ലയില്‍ 17303 പോളിംഗ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. 14935 ഉദ്യോഗസ്ഥര്‍ പോളിംഗ് ബൂത്തില്‍ ഉണ്ടാവും. 400 പേരടങ്ങിയ സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരെയും വിനിയോഗിച്ചിട്ടുണ്ട്. 200 സ്‌പെഷ്യല്‍ പോളിംഗ് ഉദ്യോഗസ്ഥരടങ്ങിയ ടീമാണ് ഉള്ളത്. ജില്ലയില്‍ 91 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് നടത്തും. പോളിങ് ദിവസം മോക്‌പോളിങ് ആരംഭിക്കുന്നത് മുതല്‍ പോളിങ് അവസാനിക്കുന്നതു വരെയുള്ള മുഴുവന്‍ പ്രവര്‍ത്തനങ്ങളും വെബ്കാസ്റ്റിംഗ് നിരീക്ഷണത്തില്‍ ആയിരിക്കും. അടിയന്തിര ഘട്ടങ്ങളില്‍ പോളിംഗ് സ്റ്റേഷനുകളിലേക്ക് ആവശ്യമായ ഫോറങ്ങള്‍, മറ്റ് സാമഗ്രികള്‍, മെഷീനുകള്‍ എന്നിവ കേടാവുന്ന സാഹചര്യത്തില്‍ പകരം മെഷീനുകള്‍ എത്തിക്കുന്നതിനും, മാര്‍ക്ക്ഡ് കോപ്പി നല്‍കുന്നതിനും 20 ബൂത്തുകളില്‍ ഒരാള്‍ എന്ന നിലയില്‍ 168 സെക്ടറല്‍ ഓഫീസര്‍മാരെ നിയോഗിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 13,042 നടപടികളാണ് സ്വീകരിച്ചത്. ചട്ടം ലംഘിച്ചു സ്ഥാപിച്ച ബോര്‍ഡ്, കൊടി, തോരണം, പോസ്റ്റര്‍, ബാനര്‍ എന്നിവ ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡ് നീക്കം ചെയ്യുന്നുണ്ട്. പെരുമാറ്റ ചട്ടലംഘനങ്ങള്‍ കണ്ടെത്താന്‍ അഞ്ച് ആന്റി ഡിഫെസ്‌മെന്റ് സ്‌ക്വാഡുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ മാധ്യമ സംബന്ധമായ കാര്യങ്ങളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനായി ജില്ലാതല മീഡിയ റിലേഷന്‍സ് സമിതി പ്രവര്‍ത്തിച്ചു വരുന്നു. തെരഞ്ഞെടുപ്പ് സംബന്ധിച്ച നടപടികള്‍ നിരീക്ഷിക്കുന്നതിനും മോണിറ്ററിംഗ് ചെയ്യുന്നതിനും ജില്ലാതല കണ്‍ട്രോള്‍ റൂം കലക്ട്രേറ്റില്‍ ഡിസംബര്‍ 13 മുതല്‍ പ്രവര്‍ത്തിക്കും.