ഹൈദരാബാദിൽനിന്ന് ഫേസ്ബുക്ക് കാമുകനെ കാണാൻ ഉത്തർപ്രദേശിലെത്തിയ 25കാരിക്ക് ദാരുണാന്ത്യം.ഹൈദരാബാദ് സ്വദേശിയായ യുവതി ഒമ്പത് മാസം മുമ്പാണ് സോഷ്യൽ മീഡിയയിൽ ഷെഹ്‌സാദുമായി സൗഹൃദത്തിലായത്.നേരില്‍ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച യുവതിയോട് യുപിയിലെത്താന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു. തന്നെ വിവാഹം കഴിക്കണമെന്ന് യുവതി പലതവണ ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ നിരസിച്ചു. വിവാഹത്തെച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് ഷെഹ്‌സാദ് ഇഷ്ടിക കൊണ്ട് യുവതിയുടെ തലയ്ക്ക് അടിയ്ക്കുകയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുപിയിലെ അംറോഹ ജില്ലയിലെ സെക്യൂരിറ്റി ഏജൻസി ഓഫീസിൽ തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട നിലയിലാണ് 25കാരിയെ കണ്ടെത്തിയത്. മൂന്ന് ദിവസത്തിന് ശേഷം, പെയിന്റ് കട നടത്തുന്ന 36 കാരനായ മുഹമ്മദ് ഷെഹ്‌സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകം നടത്തിയതായി ഷെഹ്‌സാദ് കുറ്റസമ്മതം നടത്തുകയും ചെയ്തു.ഐഡി കാർഡിന്റെ സഹായത്തോടെയാണ് യുവതിയെ തിരിച്ചറിഞ്ഞതെന്ന് അംറോഹ എസ്പി, ആദിത്യ ലാംഗേ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തിൽ രണ്ടുപേരെയാണ് കസ്റ്റഡിയിൽ എടുത്തത്. പ്രതിക്കെതിരെ ക്രിമിനൽ ഗൂഢാലോചനയ്ക്കും കൊലപാതകത്തിനും കേസെടുത്തിട്ടുണ്ട്.
ഫേസ്ബുക്ക് സൗഹൃദം പ്രണയമായി;നേരില്‍കാണാന്‍ ഹൈദരാബാദില്‍നിന്ന് യു.പിയിലെത്തിയ യുവതിയെ ഇഷ്ടിക കൊണ്ട് അടിച്ച് കൊന്നു

