ഇറാഖ് പാർലമെൻ്റിന് സമീപം റോക്കറ്റാക്രമണം. മൂന്ന് മുതൽ 9 വരെ റോക്കറ്റുകളാണ് ഗ്രീൻ സോണിൽ പതിച്ചത് എന്ന് വിവിധ രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിരവധി സർക്കാർ ഓഫീസുകളാണ് ഇവിടെ ഉള്ളത്. പാർലമെൻ്റ് സെഷൻ ആരംഭിക്കാനിരിക്കെയായിരുന്നു ആക്രമണം.
ആക്രമണത്തിൽ അഞ്ച് പേർക്കെങ്കിലും പരുക്കേറ്റെന്നാണ് വിവരം. പരുക്കേറ്റവരിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരും മൂന്ന് നാട്ടുകാരും ഉൾപ്പെടുന്നു. ആക്രമണം നടത്തിയത് ആരാണെന്നതിൽ വ്യക്തതയില്ല. പാർലമെൻ്റ് സെഷൻ തടസപ്പെടുത്താനാവാം ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക നിഗമനം. ഇറാൻ പിന്തുണയുള്ള ഷിയ പാർട്ടികൾ തമ്മിൽ സഖ്യമുണ്ടാക്കിയിരുന്നു. ഇവരുടെ നേതാവ് ഷിയ അൽ സുഡാനിയാണ് പ്രധാനമന്ത്രി സ്ഥാനാർത്ഥി. ഇത് ഷിയാ നേതാവ് മുഖ്തദ അൽ സദ്റിൻറെ അനുയായികൾക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. ഇതിൻ്റെ തുടർച്ചയാവാം ഈ ആക്രമണമെന്ന് അധികൃതർ പറയുന്നു.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിൽ മുഖ്തദ അൽ സദ്റിൻറെ അനുയായികൾ ഇറാഖ് പാർലമെൻറ് കെട്ടിടം കയ്യേറിയിരുന്നു. വൈകിട്ട് മുതൽ അർധരാത്രി വരെ പ്രക്ഷോഭകാരികൾ പാർലമെൻ്റ് കെട്ടിടത്തിൽ തുടർന്നു. പിരിഞ്ഞുപോകാൻ സർക്കാർ ആഹ്വാനം നൽകിയെങ്കിലും ഇത് തള്ളിയ പ്രക്ഷോഭകർ, ഇറാൻ അനുകൂലിയായ പ്രധാനമന്ത്രി സ്ഥാനാർത്ഥി മുഹമ്മദ് ഷിയാ അൽ സുഡാനിക്കും ഇടക്കാല സർക്കാറിനുമെതിരെ മുദ്രാവാക്യങ്ങൾ മുഴക്കി. ഒടുവിൽ മുഖ്തദ അൽ സദ്റിൻറെ ആഹ്വാനത്തെ തുടർന്നാണ് പ്രക്ഷോഭകർ പാർലമെൻ്റ് കെട്ടിടം ഒഴിഞ്ഞത്.
അതീവ സുരക്ഷയുള്ള പാർലമെൻ്റിലേക്ക് പ്രക്ഷോഭകർ എത്തിയത് സൈന്യത്തിൻ്റെ അകമ്പടിയോടെയാണെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രക്ഷോഭകർ എത്തിത്തുടങ്ങിയ ഘട്ടത്തിൽ സൈന്യം കണ്ണീർ വാതകം പ്രയോഗിക്കുകയും ഇവരെ തടയുകയും ചെയ്തിരുന്നു. എന്നാൽ, പിന്നീട് സൈന്യം പ്രതിഷേധക്കാർക്ക് ഒത്താശ ചെയ്യുകയായിരുന്നു എന്നാണ് സൂചന.