കോതമംഗലം മുള്ളരിങ്ങാട് എൻ എൽ പി സ്കൂളിലെ കുട്ടികൾക്ക് ആനപ്പേടിയില്ലാതെ പഠിക്കാൻ വഴിയൊരുങ്ങി. കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ്, വനം വകുപ്പുമായി സഹകരിച്ച് 40 ലക്ഷം രൂപയുടെ ആധുനിക എ ഐ സുരക്ഷാ വേലിയാണ് ഇവിടെ നിർമിക്കുക. ഇത് പുറപ്പെടുവിക്കുന്ന ശബ്ദവും വെളിച്ചവും ആനയെ കാട്ടിലേക്ക് തന്നെ മടക്കി അയയ്ക്കും. കൂടാതെ ആനയുടെ സാന്നിധ്യം വനം വകുപ്പിനെ അറിയിക്കുവാനും ഈ വേലിയിൽ സംവിധാനം ഉണ്ട്. ഇന്ത്യയിൽ ആദ്യമായാണ് 400 മീറ്ററോളം എ ഐ അധിഷ്ഠിത ഹൈബ്രിഡ് വിന്യാസം നടത്തുന്നത്.
വനം മന്ത്രി കെ ശശീന്ദ്രന്റെ സാന്നിധ്യത്തിൽ കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് സി എസ് ആർ അഡ്വൈസർ പി എൻ സമ്പത്ത് കോതമംഗലം ഡി എഫ് ഒ ജോൺ മാത്യുവിന് പദ്ധതിയുടെ കരാർ കൈമാറി. എപിസിസിഎഫ് ഡോ. പി പുകഴേന്തി, കൊച്ചിൻ ഷിപ്യാർഡ് ലിമിറ്റഡ് ലീഗൽ അഡ്വൈസർ യൂസഫ് എ കെ തുടങ്ങിയവർ സന്നിഹിതരായി.
മുള്ളരിങ്ങാട് റെയിഞ്ചിൻ്റെ കീഴിൽ വെള്ളക്കയം പൂവത്തും ഉന്നതി, വണ്ണപ്പുറം, പൈങ്ങോട്ടൂർ തുടങ്ങിയ ജനവാസ മേഖലകളിലെ വന്യജീവി സംഘർഷത്തിന് പദ്ധതി ഗുണം ചെയ്യുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു.
മുള്ളരിങ്ങാട് എൻ എൽ പി സ്‌കൂളിൻ്റെ സമീപ പ്രദേശങ്ങളിലെ നാലായിരത്തോളം വരുന്ന ജനങ്ങൾക്ക് പദ്ധതി പ്രയോജനം ചെയ്യും.

