ഷിരൂരിൽ കാണാതായ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താൻ മത്സ്യത്തൊഴിലാളി ഈശ്വര്‍ മല്‍പെ ഗംഗാവലി പുഴയില്‍ ഇറങ്ങി നടത്തിയ പരിശോധനയില്‍ ലോറിയുടേതെന്ന് സംശയിക്കുന്ന ലോഹ ഭാഗം കണ്ടെത്തി. ലോറിയില്‍ ഉപയോഗിക്കുന്ന ജാക്കിയാണ് കണ്ടെത്തിയതെന്നും ഇത് അര്‍ജുൻ ഉപയോഗിച്ചിരുന്ന ലോറിയുടേത് തന്നെയാണെന്നും ലോറി ഉടമ മനാഫ് പറഞ്ഞു. പുതിയ ജാക്കിയാണ് ലോറിയിലുണ്ടായിരുന്നത്. ഈശ്വര്‍ മല്‍പെ മുങ്ങിയെടുത്തതും പുതിയ ജാക്കിയാണ്. അതിനാല്‍ തന്നെ ഇത് അര്‍ജുന്‍റെ ലോറിയിലുണ്ടായിരുന്ന ജാക്കി തന്നെയാണ് ഇതെന്നും മനാഫ് പറഞ്ഞു.ഹൈഡ്രോളിക് ജാക്കിയാണ് പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെത്തിയത്. ഹൈഡ്രോളിക് ജാക്കിക്കൊപ്പം അപകടത്തില്‍പെട്ട ടാങ്കര്‍ ലോറിയുടെ രണ്ട് ഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം മൂന്ന് വസ്തുക്കളാണ് കണ്ടെത്തിയത്. വൈകിട്ട് നാലേ കാലോടെയാണ് ഈശ്വര്‍ മല്‍പെ പുഴയിലിറങ്ങിയുള്ള തെരച്ചില്‍ ആരംഭിച്ചത്. നിരവധി തവണയാണ് പുഴയിലിറങ്ങിയുള്ള പരിശോധന നടത്തിയത്. ലോറിയുടെ പിന്‍ഭാഗത്ത് ടൂള്‍സ് ബോക്സിലാണ് ജാക്കി സൂക്ഷിച്ചിരുന്നതെന്നും പുതിയ ജാക്കി തന്നെയാണ് കണ്ടെത്തിയതെന്നും അര്‍ജുൻ ഓടിച്ചിരുന്ന ഭാരത് ബെന്‍സ് ലോറിയിലുണ്ടായിരുന്നതാണ് ഇതെന്നും ഇക്കാര്യത്തില്‍ യാതൊരു സംശയവും ഇല്ലെന്നും മനാഫ് പറഞ്ഞു. മനാഫും അര്‍ജുന്‍റെ സഹോദരി ഭര്‍ത്താവ് ജിതിനും സ്ഥലത്തുണ്ട്.ഇന്നത്തെ തെരച്ചില്‍ അവസാനിപ്പിക്കുകയാണെന്നും നാളെ രാവിലെ 8.30ഓടെ തെരച്ചില്‍ ആരംഭിക്കുമെന്നും കൂടുതല്‍ ആളുകളുടെ സഹായത്തോടെയായിരിക്കും നാളെത്തെ തെരച്ചില്‍ നടക്കുകയെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. ലോറി കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അടിയില്‍ ഒഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും മുങ്ങിതാഴുമ്പോള്‍ അടിഭാഗം കാണാനാകുന്നുണ്ടെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു. വെയിലുള്ള സമയത്ത് രാവിലെ തന്നെ ഇറങ്ങാനായാല്‍ കൂടുതല്‍ ഇടങ്ങളിൽ പരിശോധന നടത്താനാകുമെന്നും ഈശ്വര്‍ മല്‍പെ പറഞ്ഞു.ഇന്ന് രണ്ടു മണിക്കൂര്‍ മാത്രമാണ് തെരച്ചില്‍ നടത്തിയത്. നാളെ എസ് ഡിആറ്‍ എഫ്, എന്‍ഡിആര്‍എഫ് അംഗങ്ങളെ എത്തിച്ചുകൊണ്ട് വിപുലമായ തെരച്ചില്‍ ആരംഭിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. നിലവില്‍ ഗംഗാവലി പുഴയുടെ അടിയൊഴുക്ക് കുറഞ്ഞിട്ടുണ്ട്.