കോവിഡ് വാക്സിൻ സര്‍ട്ടിഫിക്കറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഉള്‍പ്പെടുത്തിയത് പോലെ മരണ സര്‍ട്ടിഫിക്കറ്റിലും മോദിയുടെ ചിത്രം ഉള്‍പ്പെടുത്തണമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കേന്ദ്രത്തില്‍ നിന്നും സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് ഡോസുകള്‍ ലഭിക്കുന്നില്ലെന്നും മമത കുറ്റപ്പെടുത്തി. വ്യാഴാഴ്ച്ച മാധ്യമങ്ങളോടു സംസാരിക്കവെയായിരുന്നു ബംഗാള്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.’സംസ്ഥാനത്തിന് ആവശ്യമായ വാക്സിന് ഡോസുകള്‍ പോലും കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്നില്ല. ഗ്രാമപ്രദേശങ്ങളില്‍ കൂടുതല്‍പേര്‍ക്ക് വാക്സിന് നല്‍കാതെ പ്രാദേശിക ട്രെയിന്‍ സര്‍വിസുകള്‍ പോലും ആരംഭിക്കാന്‍ കഴിയുന്നില്ല.’, മമത പറഞ്ഞു.
നേരത്തെ ഖേല്‍ രത്ന പുരസ്കാരത്തിന്റെ പേരില്‍ നിന്നും രാജീവ് ഗാന്ധിയെ മാറ്റി മേജര്‍ ധ്യാന്‍ ചന്ദിന്റെ പേരാക്കിയപ്പോഴും വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ മോദിയുടെ ചിത്രത്തിനെതിരെ വലിയ വിമര്‍ശനമുയര്‍ന്നിരുന്നു.

