കൂടത്തായിക്ക് സമീപം ചുടലമുക്കിൽ റോഡരികിലെ വീട്ടിൽ അനധികൃതമായി സൂക്ഷിച്ച 97 പാചകവാതക സിലിൻഡറുകൾ പിടിച്ചെടുത്തു. താമരശ്ശേരി പോലീസ് ബുധനാഴ്ച രാത്രി നടത്തിയ റെയ്ഡിനിടെയാണ് ലൈസൻസോ, അനുമതിയോ ഇല്ലാതെ സൂക്ഷിച്ച പാചകവാതക സിലിൻഡറുകൾ കണ്ടെടുത്തത്.
എസ്.ഐ. കെ. പ്രജീഷിന്റെ നേതൃത്വത്തിൽ ആയിരുന്നു അന്വേഷണം
ഗാർഹികാവശ്യത്തിനുള്ളതും വാണിജ്യാവശ്യത്തിനുള്ളതുമായ വിവിധ കമ്പനികളുടെ പാചകവാതക സിലിൻഡറുകളിൽ ഇന്ധനം നിറച്ചതും കാലിയായവയും ഉൾപ്പെടും. ഇതോടൊപ്പം സിലിൻഡറുകൾ കയറ്റിക്കൊണ്ടുപോവാൻ ഉപയോഗിക്കുന്ന രണ്ട് പിക്കപ്പ് വാനുകളും പാചകവാതകം നിറയ്ക്കാൻ ഉപയോഗിക്കുന്ന റീഫില്ലിങ് ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തു. പാചകവാതക സിലിൻഡറുകൾ അനധികൃതമായി സൂക്ഷിച്ച ചുടലമുക്ക് കളത്തിങ്ങൽ മുസ്തഫയെ (32) അവശ്യസാധന നിയമപ്രകാരം അറസ്റ്റ് ചെയ്തു.
പാചകവാതക വിതരണക്കാരൻ മാത്രമായ മുസ്തഫയുടെ വീട് കേന്ദ്രീകരിച്ച് ലൈസൻസില്ലാതെ അനധികൃതമായി പാചകവാതക സിലിൻഡറുകൾ സൂക്ഷിക്കുന്നെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കണ്ണൂരിലെ ഒരു ഗ്യാസ് ഏജൻസിയുടെ പേരിൽ എത്തിക്കുന്ന പാചകവാതക സിലിൻഡറുകൾ ഒരു അനുമതിയുമില്ലാതെയാണ് സൂക്ഷിച്ചിരുന്നത്.

