പതിറ്റാണ്ടുകള്‍ നീണ്ടു നിന്ന ആതുര സേവന രംഗത്തെ മഹാ മനീഷിയായ രാമകൃഷ്ണന്‍ ഡോക്ടറെ ചെലവൂര്‍ വോയിസ് വാട്സ് ആപ്പ് ഗ്രൂപ്പ് സ്‌നേഹോപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ നിസാര്‍ ടി.ടി, അമീന്‍ ഭൂപതി, എ.എം ഷംസു ഗുരുക്കള്‍,ശംസുദ്ധീന്‍ അരീക്കല്‍ എന്നിവര്‍ പങ്കെടുത്തു.
കോഴിക്കോട് ചേവരമ്പലത് പെരച്ചന്‍ വൈദ്യരുടെയും ശ്രീമതി കല്യാണിയുടെയും മകനായി ജനിച്ച Dr.രാമകൃഷ്ണന്‍ ആയുര്‍വേദ, ഹോമിയോ ചികിത്സയില്‍ അവഗാഹം നേടിയ ശേഷം 1958 മുതല്‍ പറമ്പില്‍ ബസാര്‍, മൂഴിക്കല്‍, കാരന്തൂര്‍ എന്നീ പ്രദേശങ്ങളില്‍ പ്രവര്‍ത്തന മേഖലയായി തെരഞ്ഞെടുക്കുകയും ആതുര സേവന മേഖലയില്‍ അര്‍പ്പണ ബോധത്തോടെ സേവനമനുഷ്ടിക്കുകയും ചെയ്ത വ്യക്തിയാണ്.
സമര്‍ത്ഥനായ ചികിത്സകന്‍ എന്നതിലുപരി മനുഷ്യ സ്‌നേഹിയായ ഒരു ജനകീയ ഡോക്ടര്‍ എന്ന നിലയില്‍ നാട്ടുകാരുടെ മനസ്സില്‍ സ്ഥാനമുറപ്പിച്ച വ്യക്തി കൂടിയാണ് രാമകൃഷ്ണന്‍ ഡോക്ടര്‍. രോഗികളുടെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുവാന്‍ എന്നും സന്മനസ്സ് കാണിച്ച ഡോക്ടറുടെ ഉദാര മനസ്‌കത പലവട്ടം അനുഭവിച്ചറിഞ്ഞിട്ടുള്ള ഒട്ടേറെ പേര്‍ നന്ദി നിറഞ്ഞ മനസ്സോടെ ഇപ്പോഴും ഈ പ്രദേശത്തു ജീവിച്ചിരിപ്പുണ്ട്. Dr. രാമകൃഷ്ണന്‍ തന്റേത് മാത്രമായ സവിശേഷതകളാല്‍ മറ്റു ചികിത്സകരില്‍ നിന്നും തികച്ചും വ്യത്യസ്ത പുലര്‍ത്തി പോന്നിരുന്നു.