ആഭ്യന്തര പ്രക്ഷോഭം തുടരുന്ന ശ്രീലങ്കയില്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പടിഞ്ഞാറന്‍ പ്രവിശ്യയില്‍ കർഫ്യു ഏര്‍പ്പെടുത്തിയതായും പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും രാജി വൈകുന്നതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭകാരികള്‍ പാര്‍ലമെന്‍റും പ്രധാനമന്ത്രിയുടെ ഓഫീസും വളഞ്ഞിരിക്കുകയാണ്. പ്രതിഷേധവുമായി വന്‍ജനക്കൂട്ടമാണ് വിക്രമസിംഗെയുടെ വീടിനു മുന്നില്‍ പ്രതിഷേധവുമായി എത്തിച്ചേര്‍ന്നത്. പോലീസ് പ്രതിഷേധക്കാര്‍ക്കുനേരെ ലാത്തിവീശി. പ്രധാനമന്ത്രിയുടെ വസതിയുടെ മതിലില്‍ കയറാന്‍ ശ്രമിച്ചവര്‍ക്കു നേരെ പോലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചു.
അതേസമയം ശ്രീലങ്കയിലെ പ്രക്ഷോഭത്തിനിടെ പ്രസിഡന്റ് ഗോതബയ രജപക്‌സെ രാജ്യം വിട്ടു. രജപക്‌സെ നിലവില്‍ മാലിദ്വീപില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ഭാര്യയും സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ട്. മാലിയില്‍ വെലാന വിമാനത്താവളത്തിലെത്തിയ രജപക്‌സെയെ മാലിദ്വീപ് സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു.