ഹയർസെക്കൻഡറി ഫലം ‘പി.ആർ.ഡി ലൈവ്’ ആപ്പിൽ
ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ഫലം ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പി.ആർ.ഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പി.ആർ.ഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പി.ആർ.ഡി ലൈവ് (ുൃറ ഹശ്‌ല) ഡൗൺലോഡ് ചെയ്യാം.ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിംഗ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും. കഴിഞ്ഞ വർഷം ഫലപ്രഖ്യാപന ദിവസം 31 ലക്ഷത്തിലധികം പേരാണ് പി.ആർ.ഡി ലൈവ് ആപ്പിന്റെ സേവനം വിനിയോഗിച്ചത്.
കെ.എസ്.ഡി.പിയുടെ വിവിധ തസ്തികളിലേക്കുള്ള പരീക്ഷകൾ മാറ്റിവെച്ചു
കേരള സ്റ്റേറ്റ് ഡ്രഗ്‌സ് ആന്റ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ വിവിധ തസ്തികകളിലേക്ക് ജൂലൈ 18, 19 തീയതികളിൽ എറണാകുളം രാജഗിരി സ്‌കൂൾ ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റിവെച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
സാമൂഹ്യസുരക്ഷ പെൻഷൻ ഗുണഭോക്താക്കളുടെ മസ്റ്ററിംഗ്
2020 മാർച്ച് 31 വരെ സാമൂഹ്യ സുരക്ഷ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കളായിരുന്നവർക്ക് ജൂലൈ 15 വരെ സംസ്ഥാനത്തെ വിവിധ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്താം. ബയോമെട്രിക് മസ്റ്ററിംഗ് പരാജയപ്പെടുന്നവർക്ക് തദ്ദേശസ്ഥാപനങ്ങളോ ബന്ധപ്പെട്ട ക്ഷേമനിധി ബോർഡുകളോ മുഖേന ജൂലൈ 16 മുതൽ 22 വരെ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച് മസ്റ്ററിംഗ് നടത്താനാവും. ഹോട്ട്സ്പോട്ടുകളിലും കണ്ടെയ്ൻമെന്റ് സോണുകളിലുമുള്ളവർക്ക് യാത്രാ നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന തീയതി മുതൽ ഒരാഴ്ച കാലയളവിൽ മസ്റ്ററിംഗ് അനുവദിക്കും. ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് ഹോം മസ്റ്ററിംഗും അനുവദിക്കും.
