ലോകസഭാ തെരഞ്ഞെടുപ്പിന് തയാറെടുക്കാനും വർത്തമാന കാലത്ത് പാർട്ടി നേരിടുന്ന വെല്ലുവിളികൾ നേരിടാനുമുള്ള കോൺഗ്രസ് നവ സങ്കല്പ ചിന്തൻ ശിബിരത്തിന് രാജസ്ഥാനിലെ ഉദയ്പൂരിൽ ഇന്ന് തുടക്കം.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ശിബിരം താജ് ആരവല്ലി റിസോർട്ടിൽ ഉച്ചക്ക് രണ്ട് മണിക്ക് അധ്യക്ഷ സോണിയ ഗാന്ധി ഉദ്ഘാടനം ചെയ്യും. മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധി, ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി തുടങ്ങി 422 പ്രതിനിധികൾ പങ്കെടുക്കും.
രാവിലെ പ്രവത്തക സമിതി അംഗങ്ങൾ അജണ്ട അവതരിപ്പിക്കും. ഡൽഹിയിൽ നിന്ന് ട്രെയിൻ മാർഗമാണ് രാഹുൽ ഗാന്ധിയും മുതിർന്ന പ്രവർത്തക സമിതി അംഗങ്ങളും ജയ്‌പൂരിലെത്തിയത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി ബി.വി. ശ്രീനിവാസ്, എൻ.എസ്.യു.ഐ. ദേശീയ സെക്രട്ടറിയും മലയാളിയുമായ എറിക് സ്റ്റീഫൻ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു.
ശിബിരത്തിന്റെ ക്രമീകരണങ്ങൾ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോത്, ദേശീയ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, അജയ് മാക്കൻ, രൺദീപ് സിങ് സുർജേവാല തുടങ്ങിയ നേതാക്കൾ വിലയിരുത്തി.
ശിബിരം കോൺഗ്രസിന്റെ ചരിത്രത്തിലെ നാഴികക്കല്ലാവുമെന്ന് അശോക് ഗഹ്‌ലോത് വാർത്താസമ്മേളനത്തിൽ അവകാശപ്പെട്ടു. രാഷ്ട്രീയം, സാമൂഹികനീതി, സാമ്പത്തികം, സംഘടന, കർഷകർ-കൃഷി, യുവജനം-ശാക്തീകരണം എന്നീ വിഷയങ്ങളിലായാണ് ശിബിരത്തിൽ ചർച്ചനടക്കുക.