സെന്റ് മേരീസ് ചര്‍ച്ചില്‍ നിന്ന് സേക്രഡ് ഹാര്‍ട്ട് പള്ളിയിലേക്ക് നടത്തേണ്ട കുരുത്തോല പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച ദില്ലി പൊലീസ് നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന ഉറപ്പു നൽകുന്ന മതസ്വാതന്ത്ര്യത്തിന്റെയും മതനിരപേക്ഷ മൂല്യങ്ങളുടെയും ലംഘനമാണിതെന്നും ന്യൂനപക്ഷങ്ങളുടെ മതവിശ്വാസങ്ങൾ ഹനിക്കുന്ന ഇത്തരം നടപടികൾ ബഹുസ്വര സമൂഹത്തിനു ചേർന്നതല്ലെന്നും അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.
സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് അനുമതി തടഞ്ഞതെന്നായിരുന്നു വിശദീകരണം. സെൻ്റ് മേരീസ് പള്ളിയിൽ നിന്ന് സേക്രഡ് ഹാർട്ട് ദേവാലയത്തിലേക്കാണ് പ്രദക്ഷിണം നിശ്ചയിച്ചിരുന്നത്. ഉച്ചക്ക് ശേഷം പള്ളി വളപ്പിൽ പ്രദക്ഷിണം നടക്കും. പ്രധാനമന്ത്രിയടക്കം ബിജെപി നേതാക്കൾ ക്രിസ്മസ്, ഈസ്റ്റർ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന പള്ളിയാണ് സേക്രഡ് ഹാർട്ട് ദേവാലയം. ഇന്ന് വൈകീട്ടായിരുന്നു കുരിശിന്റെ വഴിയെന്ന പേരിൽ കുരുത്തോല പ്രദക്ഷിണം നടത്താൻ തീരുമാനിച്ചത്. അതിനുള്ള അനുമതിയാണ് നിഷേധിച്ചത്. സംഭവത്തിൽ വിശ്വാസികൾക്ക് അതൃപ്തിയുണ്ട്. പള്ളിക്കുള്ളിൽ പ്രദക്ഷിണം നടത്തുമെന്ന് പള്ളി അധികൃതർ അറിയിച്ചു.