മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. ഏതൊരു വേഷവും വിജയ രാഘവന്റെ കൈകളിൽ സുരക്ഷിതവുമാണ്. അത്രയധികം വേഷങ്ങളാണ് വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നതും.
പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നിരുന്നാലും ഏതൊരു അഭിനേതാവിനും അഭിനയിക്കാൻ അതിയായ ആഗ്രഹമുള്ള ഒരു കഥാപാത്രം ഉണ്ടാകും. ഇപ്പോഴിതാ വിജയരാഘവൻ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്.
മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. താൻ ഈ ആഗ്രഹം മമ്മൂട്ടിയോട് തുറന്ന് പറഞ്ഞിട്ടുമുണ്ടെന്ന് വിജയരാഘവൻ പറയുന്നു. തന്റെ പുതിയ ചിത്രമായ പൂക്കാലത്തിന്റെ പ്രമോഷൻ വേളയിലാണ് വിജയരാഘവൻ ഇക്കാര്യം വെളിപ്പെടുത്തിയത്.
ഞാൻ മമ്മൂട്ടിയെ മമ്മൂസ് എന്നാണ് വിളിക്കാറ്. ‘ഇയാൾക്ക് ഈ വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം. അതിനൊക്കെ ഇനിയും സമയമുണ്ടല്ലോ’ എന്നാണ് ആ സമയത്ത് മമ്മൂസ് എന്നോട് ചോദിച്ചത്. എനിക്കതാണ് ഇഷ്ടം, നിങ്ങടെ അച്ഛനായിട്ട് അഭിനയിക്കണം എന്നാണ് എന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞു. ഇത് കേട്ട് ചിരിക്കുകയാണ് മമ്മൂസ് ചെയ്തത്, എന്നായിരുന്നു വിജയരാഘവന്റെ വാക്കുകൾ

