തമിഴ് സംവിധായകൻ വെട്രിമാരൻ തെലുങ്ക് നടൻ ജൂനിയർ എൻടിആറുമായി കൈ കോർക്കുമെന്ന അഭ്യൂഹങ്ങൾക്ക് പ്രതികരണവുമായി സംവിധായകൻ രംഗത്ത്. ജൂനിയർ എൻ ടി ആറുമായി സംസാരിക്കുന്നുണ്ടെന്നും അദ്ദേഹത്തിന് ഒരു ചിത്രം പൂർത്തിയാക്കി മറ്റൊരെണ്ണം ചെയ്യാൻ സമയം വേണമെന്ന് വെട്രി പറഞ്ഞു. വട ചെന്നൈ’യിലെ ഒരു പ്രധാന വേഷത്തിന് താൻ അല്ലു അർജുനെ സമീപിച്ചിരുന്നുവെന്നും പിന്നീട് പല കാരണങ്ങളാൽ അത് നടക്കാതെ പോയെന്നും വെട്രിമാരൻ കൂട്ടിച്ചേർത്തു. ഹൈദരാബാദിൽ നടന്ന ഒരു മാധ്യമ സമ്മേളനത്തിലാണ് സംവിധായകൻ തന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ വിവരങ്ങൾ പറഞ്ഞത്.
എന്റെ ആദ്യ തെലുങ്ക് ചിത്രത്തിന്റെ ചർച്ച ജൂനിയർ എൻടിആറുമായി നടക്കുന്നുണ്ട്. ഒരു ചിത്രം പൂർത്തിയാക്കി മറ്റൊരു ചിത്രം ചെയ്യാൻ എൻടിആറിന് സമയം വേണം. ചിലപ്പോൾ ഒരു മൾട്ടി സ്റ്റാർ ചിത്രമായിരിക്കും ഞാൻ ഒരുക്കുന്നത്’. വെട്രിമാരൻ പറഞ്ഞു.
വെട്രിമാരന്റെ അടുത്ത ചിത്രത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ.
അതേസമയം, വെട്രിമാരന്റെ ‘വിടുതലൈ’ മികച്ച പ്രേക്ഷക അഭിപ്രായമവുമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സൂരി, വിജയ് സേതുപതി എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തി ഗംഭീര പ്രകടനം കാഴ്ച്ചവെച്ച സിനിമയായിരുന്നു ‘വിടുതലൈ’. രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം മെയ്-ജൂൺ മാസങ്ങളിലായി പുനരാരംഭിക്കാനാണ് സംവിധായകൻ പദ്ധതിയിടുന്നത്.

