ടോക്കിയോ: ജപ്പാനിലെ സ്വകാര്യ കമ്പനി നിര്‍മിച്ച റോക്കറ്റ് വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. ടോക്കിയോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് സ്‌പേസ് വണ്‍ കമ്പനിയുടെ ഉപഗ്രഹം വഹിച്ചുള്ള റോക്കറ്റാണ് പൊട്ടിത്തെറിച്ചത്. ജപ്പാനിലെ സ്വകാര്യ മേഖലയിലെ ആദ്യ റോക്കറ്റായിരുന്നു ഇത്.
പടിഞ്ഞാറന്‍ ജപ്പാനിലെ വകയാമയിലെ വിക്ഷേപണത്തറയില്‍നിന്നാണ് റോക്കറ്റ് പറന്നുയര്‍ന്നത്. ആകാശത്തിലേക്ക് ഉയര്‍ന്ന് സെക്കന്‍ഡുകള്‍ക്കകം ഇത് പൊട്ടിത്തെറിച്ചു. സംഭവത്തില്‍ വിശദ അന്വേഷണം നടത്തുമെന്ന് സ്‌പേസ് വണ്‍ കമ്പനി അധികൃതര്‍ അറിയിച്ചു. വിക്ഷേപണം കഴിഞ്ഞ് 51 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തുമെന്നായിരുന്നു വിവരം.