ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ഗെയിൽ ഇന്ത്യ ലിമിറ്റഡ് നാളെ രാവിലെ 11 മണിക്ക് ഉണ്ണിക്കുളത്ത് ഓഫ് സൈറ്റ് മോക്ക് ഡ്രിൽ നടത്തും. ഉണ്ണികുളം പഞ്ചായത്തിലെ ശിവപുരം വില്ലേജിൽ കരുമല ഏകരൂൽ കിനാലൂർ റോഡ് ക്രോസ്സിങ്ങിലാണ് മോക്ക് ഡ്രിൽ നടക്കുന്നത്.
ഗ്യാസ് പൈപ്പ് ലൈനിൽ വരുന്ന അടിയന്തിര സാഹചര്യങ്ങൾ നേരിടുവാൻ പൊതു ജനങ്ങൾക്കും ദരന്ത നിവാരണവുമായി ബന്ധപ്പെട്ട് ജില്ലാ അധികാരികൾക്കും ബോധവൽകരണം ലഭിക്കുന്നതിന് ഡിസ്ട്രിക്ട് ഡിസാസ്റ്റർ മാനേജ്‌മന്റ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് മോക്ക് ഡ്രിൽ നടത്തുന്നത്.
മോക്ക് ഡ്രില്ലിനു മുന്നോടിയായി ഡെപ്യൂട്ടി കലക്ടർ അനിത കുമാരിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. മോക്ക് ഡ്രില്ലിനായുള്ള ക്രമീകരങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ വിവിധ വകുപ്പുകൾക്ക് ഡെപ്യൂട്ടി കലക്ടർ നിർദേശം നൽകി. ഗെയിൽ സീനിയർ മാനേജർ റൗഫിഖ് മോക്ക് ഡ്രിൽ സംബന്ധിച്ച് വിശദീകരണം നടത്തി.
കലക്ടറേറ്റിലെ ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററിൽ ജൂനിയർ സൂപ്രണ്ട് (ഡി എം) ബിന്ദു, ഉണ്ണികുളം വില്ലജ് ഓഫീസർ സജിത എം പി, ഉണ്ണികുളം പഞ്ചായത്ത് സെക്രട്ടറി സതീശൻ സി.പി, ഗെയിൽ കോഴിക്കോട് ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവ് കുമാർ ഇ.കെ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ. ലതിക വി ആർ, റവന്യൂ, പോലീസ്,ഫയർഫോഴ്‌സ് തുടങ്ങിയ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.

