
രാജ്യത്ത് ഇന്ന് മുതല്‍ നാല് ദിവസത്തേക്ക് ബാങ്കുകള്‍ അടഞ്ഞ് കിടക്കും. ഇന്നത്തെയും നാളെത്തെയും അവധിക്ക് പിന്നാലെ തൊട്ടടുത്ത ദിവസങ്ങളായ15, 16 തിയതികളില്‍ നടക്കുന്ന പണിമുടക്കാണ് തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കാന്‍ കാരണമാകുക. പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവത്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് രാജ്യത്തെ ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും മാര്‍ച്ച് 15,16 തീയതികളില്‍ പണിമുടക്കുന്നത്. ഒന്‍പത് ബാങ്ക് യൂണിയനുകളുടെ ദേശീയ ഐക്യവേദിയുടെ ആഹ്വാനം അനുസരിച്ച് പൊതുമേഖല സ്വകാര്യ വിദേശ ഗ്രാമീണ ബാങ്കുകളിലാണ് പണിമുടക്ക്.
നാല് ദിവസം തുടർച്ചയായി ബാങ്കുകൾ മുടങ്ങുന്നതിനാൽ എടിഎമ്മുകളിൽ പണം തീർന്നുപോകുമോ എന്ന ആശങ്കയുണ്ട്. പുറത്തുനിന്നുള്ള ഏജൻസികൾ പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണം തീർന്നുപോകാനിടയില്ല. എന്നാൽ ബാങ്കുകൾ നേരിട്ട് പണം നിറയ്ക്കുന്ന എടിഎമ്മുകളിൽ പണത്തിന് ക്ഷാമം നേരിട്ടേക്കാം. ബാങ്കുകളുമായി ചേർന്ന് പ്രവർത്തിക്കുന്ന ഓൺസൈറ്റ് എടിഎമ്മുകൾ ഉപയോഗിച്ച് പണം നിക്ഷേപിക്കുകയോ പിൻവലിക്കുകയോ ചെയ്യാമെന്നും ബാങ്ക് അധികൃതർ വ്യക്തമാക്കുന്നു.

