തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർ പ്രദേശിൽ മന്ത്രിമാരുടെ കൊഴിഞ്ഞുപോക്ക്. കഴിഞ്ഞ 48 മണിക്കൂറിൽ ബിജെപി പാളയം വിട്ടത് മൂന്ന് മന്ത്രിമാരടക്കം എട്ട് എംഎൽഎമാർ, യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയാണ് ഇന്ന് രാജിവെച്ചത് .ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്.ഔദ്യോഗിക വസതിയും സുരക്ഷാ സംവിധാനങ്ങളും തിരികെ ഏല്‍പ്പിച്ച ശേഷമാണ് സെയ്നി രാജി പ്രഖ്യാപിച്ചത്. എസ്പിയില് ചേര്‍ന്നേക്കുമെന്നാണ് സൂചന. എസ്പി നേതാവ് അഖിലേഷ് യാദവുമായി സെയ്നി കൂടിക്കാഴ്ച നടത്തി. സെയ്നിയെ എസ്പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. തനിക്കൊപ്പം നില്ക്കുന്ന സെയ്നിയുടെ ചിത്രവും അഖിലേഷ് പങ്കുവെച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ മുതിർന്ന മന്ത്രിയും പിന്നാക്കവിഭാഗങ്ങൾക്കിടയിലെ ശക്തനായ നേതാവുമായിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതിന് പിന്നാലെ ബുധനാഴ്ച വനംമന്ത്രി ദാരാ സിംഗ് ചൗഹാനും രാജി വച്ചിരുന്നു.പിന്നാക്ക വിഭാഗം നേതാവും എംഎല്‍എയുമായ മുകേഷ് വര്‍മ ഇന്ന് രാവിലെ പാര്‍ട്ടി വിട്ടിരുന്നു.യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ രാജിവച്ചതോടെയാണ് ബിജെപിയില്‍ കൂട്ട കൊഴിഞ്ഞുപോക്ക് ആരംഭിച്ചത്.