ഗോസിപ്പ് കോളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു അർജുൻ കപൂറും മലൈക അറോറയും വേർപിരിയുന്നുവെന്നത്.ഇപ്പോൾ ഈ വാർത്തകളെ തള്ളി താരം തന്നെ രംഗത്തെത്തിയിരിക്കുയാണ് . മലൈകയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്താണ് കിംവദന്തി പ്രചരിച്ചവർക്ക് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നുമാണ് അർജുൻ പോസ്റ്റിനൊപ്പം എഴുതിയത്.
നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിയുകയാണെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം വീടിന് പുറത്തിറങ്ങിയിട്ടില്ലെന്നും ഈ ദിവസങ്ങളിലൊന്നും അർജുൻ മലൈകയെ സന്ദർശിച്ചിട്ടില്ലെന്നും മലൈകയോട് അടുത്ത വൃത്തങ്ങൾ മാധ്യമങ്ങളോട് വ്യക്തമാക്കുകയും ചെയ്തു.