തമിഴ് മാധ്യമത്തിലെ തെറ്റായ വാര്‍ത്തയോട് ശക്തമായി പ്രതികരിച്ചിരിച്ച് നടി സായി പല്ലവി. ‘രാമയാണ’ത്തെ അടിസ്ഥാനമാക്കിയുള്ള ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ വെജിറ്റേറിയനായി എന്നാണ് ഒരു തമിഴ് മാധ്യമം പ്രചരിപ്പിച്ചത്. വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നുവെന്നും ഈ റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. തമിഴ് മാധ്യമമായ സിനിമ വികടന്‍റെ വർത്തയ്‌ക്കെതിരെയാണ് സായി പല്ലവി രംഗത്തുവന്നത്.
”മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. അടുത്ത തവണ എന്‍റെ പേരില്‍ ഏതെങ്കിലും “പ്രശസ്ത” പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്‍റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം”- എക്സ് കുറിപ്പില്‍ സായി പല്ലവി പറയുന്നു.
നേരത്തെ പലതവണ താനൊരു വെജിറ്റേറിയനാണെന്ന് സായ് പല്ലവി വ്യക്തമാക്കിയതാണ്. എന്നാൽ സിനിമ വികടന്‍ റിപ്പോർട്ട് സായി നോൺ വെജിറ്റേറിയന്‍ കഴിക്കുമെന്നും ഒരു സിനിമയ്ക്ക് വേണ്ടി വെജിറ്റേറിയനായി മാറുകയാണെന്നും തോന്നിപ്പിച്ചതാണ് നടിയെ പ്രകോപിപ്പിച്ചത്.