അബോധാവസ്ഥയില്‍ കിടന്ന യുവാവിനെ തോളിലേറ്റി രക്ഷ പ്രവർത്തനം നടത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍.കനത്തമഴയിൽ ചെന്നൈ ടി.പി. ഛത്രത്തിലെ സെമിത്തേരിയിൽ ബോധരഹിതനായി വീണുകിടന്ന 28-കാരനായ തോട്ടപ്പണിക്കാരൻ ഉദയകുമാറിനെ തോളിലെടുത്താണ് രാജേശ്വരി എന്ന വനിത പോലീസ് ഉദ്യോഗസ്ഥ രക്ഷാപ്രവർത്തനം നടത്തിയത്
എത്ര ആപത്തുകളും ഇരുട്ടുകളും നിറഞ്ഞ ചുറ്റുപാടുകളാണെങ്കിലും, മാനവികതയുടെ വെളിച്ചം അവയെ അകറ്റി പുതിയ പ്രതീക്ഷ നല്‍കുന്നുവെന്നാണ് രാജേശ്വരിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് സ്റ്റാലിന്‍ പ്രതികരിച്ചത്.രാജേശ്വരിയുടെ പ്രവൃത്തി വെളിച്ചം പകരുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥയുടെ രക്ഷാപ്രവർത്തന വീഡിയോ വൈറലായിരുന്നു സോഷ്യൽ മീഡിയയിൽ.രാജേശ്വരി യുവാവിനെ തോളില്‍ കയറ്റി ഓട്ടോയ്ക്കടുത്തേക്ക് ഓടുന്നത് വീഡിയോയില്‍ കാണാം. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ രാജേശ്വരിയെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു.