ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ പ്രളയം. അതി ശക്തമായ മഴയെ തുടർന്നാണ് സഹാറയിൽ പ്രളയമുണ്ടായത് . അരനൂറ്റാണ്ടിനിടെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു.മൊറോക്കോയുടെ തെക്ക്-കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ മാസത്തിൽ രണ്ട് ദിവസം അതിശക്തമായി മഴ പെയ്തു. വർഷം ശരാശരി 25 സെൻ്റിമീറ്റർ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ രണ്ട് ദിവസം കൊണ്ട് ഇതിലേറെ മഴ പെയ്തു.
മരുഭൂമിയിലെ ടാറ്റയിൽ 10 സെൻ്റിമീറ്റർ മഴ കിട്ടി. ഇത്തരത്തിൽ കഴിഞ്ഞ അര നൂറ്റാണ്ട് കാലത്തിനിടെ മഴ ലഭിക്കുന്നത് ആദ്യമായെന്നാണ് കാലാവസ്ഥാ വിലയിരുത്തൽ. ഈ മഴ പ്രദേശത്തിൻ്റെ കാലാവസ്ഥാ ഘടന മാറ്റുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്. അന്തരീക്ഷത്തിൽ കൂടുതൽ ജലാംശം ഉള്ളതിനാൽ കൊടുങ്കാറ്റുണ്ടാകാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്.
അതേസമയം കഴിഞ്ഞ ഏഴ് വർഷത്തോളം തീരെ മഴ ലഭിക്കാതിരുന്ന ഈ മേഖലയിൽ ജീവിക്കുന്നവർക്ക് കൃഷിക്കടക്കം ഈ വെള്ളം ഉപയോഗപ്പെടും. മേഖലയിലാകെയുള്ള ഡാമുകളിൽ സെപ്തംബർ മാസത്തിലാകെ നിറയെ വെള്ളം കിട്ടിയിരുന്നു.