അന്തരിച്ച എലിസബത്ത് രാജ്ഞി എഴുതിയ രഹസ്യ കത്ത് സിഡ്നിയിലെ അജ്ഞാത നിലവറയ്ക്കുള്ളില്‍ സൂക്ഷിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.സിഡ്‌നിയിലെ ചരിത്രപരമായ കെട്ടിടത്തിലെ ഗ്ലാസ് കൊണ്ട് നിര്‍മിച്ച രഹസ്യ അറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. സിഡ്‌നിയിലെ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ടുള്ള കത്ത് 1986ലാണ് എലിസബത്ത് രാജ്ഞി സ്വന്തം കൈപ്പടയില്‍ എഴുതിയത്. കത്തിന്റെ ഉള്ളടക്കം എന്താണെന്ന് രാജ്ഞിയുടെ അടുത്ത ബന്ധുക്കള്‍ക്കോ പേഴ്‌സണല്‍ സ്റ്റാഫിനോ പോലും അറിയില്ല. ഇതുവരെ ആരും വായിച്ചിട്ടില്ലാത്ത കത്ത് വായിക്കാന്‍ 63 വര്‍ഷം കാത്തിരിക്കേണ്ടി വരും. 2085ലെ ഇനി നിലവറ തുറന്ന് കത്ത് പുറത്തെടുക്കുകയുള്ളൂ.സിഡ്‌നിയിലെ മേയറെ അഭിസംബോധന ചെയ്തുകൊണ്ടാണ് കത്ത് സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളുള്ളത്
ഓസ്ട്രേലിയയിലെ ചരിത്ര പ്രധാന്യമുള്ള ക്യൂന്‍ വിക്ടോറിയ ബില്‍ഡിംഗിലെ നിലവറയിലാണ് കത്ത് സൂക്ഷിച്ചിരിക്കുന്നത്. ”2085ൽ നിങ്ങൾ തെരഞ്ഞെടുക്കുന്ന അനുയോജ്യമായ ഒരു ദിവസം, ദയവായി ഈ കവർ തുറന്ന് സിഡ്‌നിയിലെ ജനങ്ങളോട് എന്‍റെ സന്ദേശം അറിയിക്കുമോ?” എന്നാണ് മേയറെ അഭിസംബോധന ചെയ്ത് രാജ്ഞി അന്ന് നിര്‍ദേശിച്ചത്. എലിസബത്ത് ആര്‍. എന്ന് പേരെഴുതി ഒപ്പും വച്ചിട്ടുണ്ട്. 16 തവണ എലിസബത്ത് രാജ്ഞി ഓസ്ട്രേലിയ സന്ദര്‍ശിച്ചിട്ടുണ്ട്.
ഓസ്ട്രേലിയക്ക് എലിസബത്ത് രാജ്ഞിയുടെ ഹൃദയത്തില്‍ ഒരു പ്രത്യേക സ്ഥാനമുണ്ടെന്ന് ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്‍റണി അൽബനീസ് വെള്ളിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. 1954ലാണ് എലിസബത്ത് രാജ്ഞി ഓസ്‌ട്രേലിയ ആദ്യമായി സന്ദര്‍ശിക്കുന്നത്. വെള്ളിയാഴ്ച, സിഡ്‌നിയിലെ ഐക്കണിക് ഓപ്പറ ഹൗസ് രാജ്ഞിക്ക് ആദരാഞ്ജലി അർപ്പിച്ചിരുന്നു.സെപ്തംബര്‍ എട്ടിനാണ് എലിസബത്ത് രാജ്ഞി (96) അന്തരിച്ചത്. ബ്രിട്ടീഷ് രാജ്ഞിയുടെ വേനല്‍ക്കാല വസതിയായ സ്‌കോട്ട്ലന്‍ഡിലെ ബാല്‍മൊറല്‍ കൊട്ടാരത്തിലായിരുന്നു അന്ത്യം.