വമ്പൻ തിയറ്റർ വിജയത്തിനു ശേഷം നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ സബ്ടൈറ്റിലുകൾ മൊത്തത്തിൽ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമ പറയുന്ന കൃത്യമായ അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയതെന്നും, എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്യുന്നത് എന്ന വാദവുമായി മുൻപോട്ട് വന്നിരിക്കുകയാണ് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം ഇപ്പോൾ. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച ‘തല്ലുമാല’ ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്.
‘നെറ്റ്ഫ്ലിക്സിന് വേണ്ടി തല്ലുമാല സിനിമയ്ക്കായി ഞങ്ങൾ ചെയ്ത് നൽകിയ ഇംഗ്ലീഷ് സബ്ടൈറ്റിലിലെ ഓരോ വരിയും സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറും, രചയിതാക്കളിൽ ഒരാളുമായ മുഹ്‌സിൻ പരാരിയും ചേർന്ന് പരിശോധിച്ചാണ്. എന്നാൽ ഇപ്പോൾ കാണുന്ന സബ്ടൈറ്റിൽ, എഡിറ്റ് ചെയ്ത്, വീര്യം കുറച്ച്, വെട്ടിനിരത്തിയ നിലയിലാണുള്ളത് എന്ന് അതീവ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു. അതിലുണ്ടായിരുന്ന സൂക്ഷ്മാംശം പലതും നഷ്‌ടമായി. ഗാനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഗാനങ്ങളുടെ ആത്മാവ് നശിപ്പിച്ച്, വെറും വാക്കുകളുടെ അർത്ഥത്തിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിയാത്മകത നിറഞ്ഞ സബ്ടൈറ്റിലുകളിൽ സംസ്കാരവും, തമാശയും, വ്യംഗ്യാർത്ഥവും, യഥാർത്ഥ ഭാഷയുടെയും രചിക്കപെടുന്ന ഭാഷയുടെയും പ്രാദേശിക ഛായയും നിറയേണ്ടതുണ്ട്. സബ്ടൈറ്റിൽ രചയിതാവിന്റെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുന്നത് തീർത്തും അനുചിതവും അധാർമ്മികവുമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് നെറ്ഫ്ലിക്സിനോടും മറ്റു സ്ട്രീമിംഗ് പ്ലാറ്റുഫോമുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു’, ചിത്രത്തിനായി സബ്ടൈറ്റിൽ ചെയ്ത ‘ഫിൽ ഇൻ ദി ബ്ലാങ്ക്‌സ്’ പ്രസ്താവനയിൽ പറഞ്ഞു.