തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര ഖാലിദ് റഹ്മാന് കൈമാറിയെന്ന് സംവിധായകൻ മുഹ്സിൻ പ രാരി . ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഹ്സിൻ ഈ കാര്യം അറിയിച്ചത് . തീരുമാനത്തിന് പിറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നുമില്ലെന്നും മുഹ്സിന് കുറിപ്പില്‍ വ്യക്തമാക്കുന്നു.
തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന കരാറിൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്, ആഷിഖ് അബു തല്ലുമാല കൈമാറുകയായിരുന്നെന്നും മുഹ്സിന് പറയുന്നു. തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും (അഷ്റഫ് ഹംസ) ഒരു പിരാന്തൻ പൂതിയാണ്. റഹ്മാൻ ആ പിരാന്തൻ പൂതി സാക്ഷാത്കരിക്കുമെന്നും പറഞ്ഞുവെച്ചാണ് മുഹ്സിന് കുറിപ്പ് അവസാനിപ്പിക്കുന്നത്.
ടൊവിനോ തോമസ്, സൗബിന്‍ഷാഹിര്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി മുഹ്സിന് പരാരി സംവിധാനം ചെയ്യുന്ന തല്ലുമാല ഒ.പി.എം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും റിമാ കല്ലിങ്കലും ചേര്‍ന്ന് നിര്‍മിക്കുമെന്ന വാര്‍ത്തയായിരുന്നു ആദ്യഘട്ടത്തില്‍ പുറത്തുവന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
തല്ലുമാലയെ പറ്റിയുള്ള കൺഫ്യൂഷൻ തീർക്കാൻ ഉള്ള അറിയിപ്പ്.
അഷ്റഫ്കയോടൊപ്പം എഴുതിയ തല്ലുമാല എന്ന സിനിമയുടെ സംവിധാന കസേര പ്രിയ സുഹൃത്ത് ഖാലിദ് റഹ്മാന് കൈമാറിയ വിവരം ഒന്നൂടെ ഔദ്യോഗികമായി സ്ഥിരപ്പെടുത്തുന്നു. ആ തീരുമാനത്തിന് പുറകിൽ എന്റെ വ്യക്തിപരമായ പിരാന്ത് അല്ലാതെ മറ്റൊന്നും ഇല്ല. 2020 തുടക്കത്തിൽ ഒരു രാവിലെ ‘തല്ലുമാല നീ സംവിധാനം ചെയ്യുമോ? ‘എന്ന് ഞാൻ റഹ്മാനോട് ചോദിച്ചു. ‘തലേലിടുവാണോ ?’ എന്ന് അവൻ ചോദിച്ചു. പിറ്റേന്ന് പുലർച്ച ഒരു രണ്ടുമണിക്ക് അവൻ എന്നെ ഫോണിൽ വിളിച്ച് ‘ നീ സീര്യസാണെങ്കി ഞാൻ പരിഗണിക്കാം ‘ എന്ന് പറഞ്ഞു. ഉടനെ അഷ്റഫ്കയോടും ടൊവിയോടും ഞാൻ കാര്യം പറഞ്ഞു. പിന്നെ അന്നത്തെ നിർമ്മാതാവ് ആഷിഖ് അബുവിനോട് വിവരം അറിയിച്ചു. തല്ലുമാലക്ക് പകരം ഒരു തിരക്കഥ എഴുതി കൊടുക്കാം എന്ന കരാറിൽ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന് തല്ലുമാല അദ്ദേഹം കൈമാറി. തല്ലുമാല എന്ന സിനിമ എന്റെയും അഷ്റഫിക്കാന്റെയും ഒരു പിരാന്തൻ പൂതിയാണ്. 2016 മുതൽ തല്ലുമാലയുടെ തിരക്കഥയിൽ ഞാനും അസർപ്പുവും തല്ലുകൂടുന്നത് കണ്ടു ശീലിച്ച റഹ്മാൻ ആ പിരാന്തൻ പൂതി സാക്ഷാത്കരിക്കും.
ബാക്കി പരിപാടി പുറകെ.