കൊൽക്കത്തയിലെ ജൂനിയർ ഡോക്ടറുടെ കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കി കൊൽക്കത്ത പൊലീസ്. മൂന്ന് ജൂനിയർ ഡോക്ടർമാരെയും ഒരു ആശുപത്രി ജീവനക്കാരനെയും പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പ്രതി കൃത്യത്തിന് ശേഷം കടന്നു കളയുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ്ന് ലഭിച്ചിട്ടുണ്ട്. അതേസമയം, പ്രതി സഞ്ജയ് റോയ് സ്ഥിരം കുറ്റവാളിയാണെന്നും കൊലപാതകം നടത്തിയത് മദ്യലഹരിയിലാണെന്നും പൊലീസ് അറിയിച്ചു. കുറ്റകൃത്യം നടന്ന ദിവസം രാത്രി 11 മണിയോടെ സഞ്ജയ് ആശുപത്രിക്ക് പിന്നിലെ ഒരു സ്ഥലത്തേക്ക് മദ്യം കഴിക്കാൻ പോയി. അവിടെ മദ്യപിക്കുമ്പോൾ പോണ്‍ കണ്ടിരുന്നുവെന്ന് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പരിശോധനയിൽ സഞ്ജയ് റോയിയുടെ മൊബൈൽ ഫോണിൽ നിന്ന് ക്രൂരത നിറഞ്ഞ നിരവധി പോൺ വീഡിയോകൾ പൊലീസ് കണ്ടെത്തി. ക്രൂരത നിറഞ്ഞ അശ്ലീല വീഡിയോകളാൽ പ്രതിയുടെ മൊബൈൽ നിറഞ്ഞിരുന്നു. അന്നുരാത്രി പലതവണ സഞ്ജയ് റോയ് ആശുപത്രി വളപ്പിൽ കടന്നതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.പ്രതി സ്വമേധയാ നടത്തിയ കുറ്റകൃത്യമാണെന്നും പ്രാഥമിക വിലയിരുത്തലുണ്ട്. മരണം സംഭവിച്ച ശേഷം പീഡനത്തനിരയാക്കിയോ എന്നും സംശയിക്കുന്നതായി കൊൽക്കത്ത പൊലീസ് പറയുന്നു. പ്രതി നാലു തവണ വിവാഹിതനായി. മൂന്ന് ഭാര്യമാരും പീഡനം സഹിക്കാനാകാതെ ഉപേക്ഷിച്ചെന്നും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്. അതേസമയം, ഡോക്ടറുടെ കൊലപാതകത്തിൽ രാജ്യവ്യാപക പ്രതിഷേധത്തിലാണ് ഇന്ന് റസിഡന്റ് ഡോക്ടർമാർ. വിവിധ സംസ്ഥാനങ്ങളിൽ ഡോക്ടർമാർ ജോലി മുടക്കി പ്രതിഷേധിക്കും. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനകൾ ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കണ്ടു.വെള്ളിയാഴ്ച രാവിലെ കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജ് ആശുപത്രിയിലെ സെമിനാർ ഹാളിലാണ് ഡോക്ടറുടെ മൃതദേഹം കണ്ടെത്തിയത്. ഡ്യൂട്ടിക്കിടെയായിരുന്നു ഡോക്ടറുടെ കൊലപാതകം. ചെസ്റ്റ് മെഡിസിൻ വിഭാഗത്തിലെ രണ്ടാം വർഷ പിജി ഡോക്ടറാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും അന്വേഷണം തൃപ്തികരമല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർമാരുടെ പ്രതിഷേധം. അന്വേഷണം കേന്ദ്ര ഏജൻസികൾക്ക് കൈമാറണമെന്ന് ഡോക്ടർമാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ആശുപത്രി ഭരണ സമിതിയിൽ വൻ സ്വാധീനം പ്രതിക്കുണ്ടായിരുന്നു എന്ന് ഡോക്ടർമാർ ചൂണ്ടിക്കാട്ടി.