ഉത്തര കൊറിയയിൽ കൊടുങ്കാറ്റായ ഖനൂൻ വീശിയടിക്കുമെന്ന മുന്നറിയിപ്പിന് പിന്നാലെ ഭരണകൂടത്തിന്റെ വിചിത്ര നിർദ്ദേശം.കിം ജോങ് ഉന്നിന്റെ ഛായാചിത്രങ്ങൾ സംരക്ഷിക്കണമെന്നാണ് രാജ്യത്തെ ജനങ്ങൾക്ക് ലഭിച്ചിരിക്കുന്ന കർശന നിർദേശം. ഭരണകക്ഷിയായ കൊറിയൻ വർക്കേഴ്‌സ് പാർട്ടിയുടെ ഔദ്യോഗിക പത്രമായ റോഡോങ് സിൻമുൻ ആണ് ഇക്കാര്യം അറിയിച്ചത്.
കനത്ത മഴയും ശക്തമായ കാറ്റും പ്രതീക്ഷിക്കുന്ന സാഹചര്യത്തിൽ നിലവിലെ ഭരണാധികാരി കിം ജോങ്-ഉൻ, അദ്ദേഹത്തിന്റെ പിതാവ് കിം ജോങ്-ഇൽ, ഉത്തര കൊറിയയുടെ സ്ഥാപക നേതാവ് കിം ഇൽ-സങ് എന്നിവരുടെ ഛായാചിത്രങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നാണ് നിർദേശം.ഉഷ്ണമേഖലാ കൊടുങ്കാറ്റായ ഖനൂൻ അടുത്തിടെയാണ് കൊറിയൻ ഉപദ്വീപിൽ കര തൊട്ടത്. ഉത്തര കൊറിയയിൽ പ്രളയസാധ്യത ഉൾപ്പെടെ പ്രവചിക്കുന്ന സാഹചര്യത്തിൽ കൊടുങ്കാറ്റ് വ്യാപകനാശമുണ്ടാക്കുമെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് ഉത്തര കൊറിയയിലെ ഔദ്യോഗിക വാർത്ത ഏജൻസിയായ കെസിഎൻഎ അറിയിച്ചു