ഗംഭീര റിപ്പോർട്ടുകളുമായി മുന്നേറുന്ന രജനികാന്ത് നായകനായ ചിത്രം ജയിലറിനെ പ്രശംസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കൊണ്ടാടപ്പെടേണ്ട ചിത്രമാണ് ജയിലർ എന്ന് പറഞ്ഞ മന്ത്രി, ഇത് വിനായകന്റെ സിനിമ ആണെന്നും പറഞ്ഞു. “ഈ ചിത്രത്തിന് നിരവധി മാനങ്ങൾ ഉണ്ട്..കൊണ്ടാടപ്പെടേണ്ട ഒന്ന്..വിനായകന്റെ സിനിമ..”, എന്നാണ് വി ശിവൻകുട്ടി കുറിച്ചത്. ഒപ്പം ജയിലറിൽ രജനികാന്തും വിനായകനും നേർക്കുനേർ വരുന്നൊരു ഫോട്ടോയും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിന് താഴെ കമന്റുകളുമായി രംഗത്തെത്തിയത്.ജയിലറിൽ വർമ്മ എന്ന പ്രതിനായക വേഷത്തിലാണ് വിനായകൻ എത്തുന്നത്. രജനികാന്ത് എന്ന താരത്തോട് കട്ടയ്ക്ക് പിടിച്ചു നിൽക്കുന്ന വില്ലൻ കഥാപാത്രം എന്നാണ് വിനായകന്റെ വേഷത്തെക്കുറിച്ച് പൊതുവെയുള്ള അഭിപ്രായം.
വിനായകന് പുറമെ മലയാളത്തിന്റെ പ്രിയതാരം മോഹൻലാലും സിനിമയുടെ ഭാഗമാണ്. മാത്യൂസ് എന്ന കാമിയോ വേഷത്തിലാണ് മോഹൻലാൽ സിനിമയിലെത്തുന്നത്.തമിഴ്‌നാട്ടിൽ മുഴുവൻ തിയേറ്ററുകളിലും കേരളത്തിൽ മുന്നൂറിലധികം തിയേറ്ററുകളിലുമാണ് ചിത്രം റിലീസ് ചെയ്തത്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് നിർമ്മാണം.