നടൻ ചിയാന്‍ വിക്രത്തെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വലിയ വാര്‍ത്തയായിരുന്നു.താരത്തിന് ഹൃദയാഘാതമാണ് എന്ന നിലയിലാണ് വാര്‍ത്തകള്‍ വന്നുകൊണ്ടിരുന്നത്. പിന്നീട് ഹൃദയാഘാതമല്ലെന്ന് നടന്റെ മകന്‍ ധ്രുവ് വിക്രമും ആശുപത്രി അധികൃതരും വ്യക്തമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ തന്നെക്കുറിച്ച് വന്ന വാർത്തകളേ കുറിച്ച് പ്രതികരിക്കുകയാണ് നടൻ.സോഷ്യൽ മീഡിയയിൽ പരന്ന വാർത്തകളെല്ലാം ക്രിയേറ്റീവ് ആയിരുന്നെന്നും എല്ലാം ആസ്വദിച്ചെന്നും അദ്ദേഹം പറഞ്ഞു. ആർ. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്ര എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു വിക്രം.
നിരവധി വാർത്തകൾ സോഷ്യൽ മീഡിയയിലും മറ്റു മാധ്യമങ്ങളിലും ആയി ചുറ്റിത്തിരിയുന്നുണ്ടായിരുന്നു. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരം എന്റെ തല വെച്ച് ഫോട്ടോഷോപ്പ് ചെയ്തു വരെ വാർത്ത കൊടുത്തിരുന്നു. അതൊക്കെ വളരെ ക്രിയേറ്റിവ് ആയിരുന്നു, എനിക്ക് ഇഷ്ടമായി’ എന്നാണ് തമാശ രൂപേണ വിക്രം പറഞ്ഞത്. ‘എന്തെല്ലാം നമ്മൾ കാണുന്നു, ഇതൊന്നും ഒന്നുമല്ല’, എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഗസ്റ്റ് 11നാണ് ചിത്രം തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നത്. ഗണിതശാസ്ത്ര വിദഗ്ധനായാണ് ചിത്രത്തില്‍ വിക്രം എത്തുന്നത്. ആര്‍. അജയ് ജ്ഞാനമുത്തുവാണ് ചിത്രത്തിന്റെ സംവിധായകന്‍. ഇമൈകള്‍ നൊടികള്‍, ഡിമാന്‍ഡി കോളനി എന്നിവയാണ് ജ്ഞാനമുത്തുവിന്റെ മറ്റ് ചിത്രങ്ങള്‍. കെജിഎഫിലൂടെ സുപരിചിതയായ ശ്രീനിധി ഷെട്ടിയാണ് ചിത്രത്തിലെ നായിക.
ഇന്ത്യന്‍ ക്രിക്കറ്റ് താരമായ ഇര്‍ഫാന്‍ പത്തനും കോബ്രയില്‍ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രമായിരിക്കും ഇര്‍ഫാന്റേതെന്നാണ് സൂചന. ഇര്‍ഫാന്‍ പത്താന്റെ ആദ്യ ചിത്രം കൂടിയാണിത്.