കോഴിക്കോട് : എന്‍സിസി കേഡറ്റുകളുടെ ‘ഏക് ഭാരത് ശ്രേഷ്ഠ് ഭാരത്’ ഓണ്‍ലൈന്‍ ക്യാമ്പിന് തുടക്കമായി. ആറ് ദിവസത്തെ ക്യാമ്പ് കോഴിക്കോട് ഗ്രൂപ്പ് കമാന്‍ഡര്‍ ബ്രിഗേഡിയർ എ.വൈ രാജന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കേരള, ലക്ഷദ്വീപ് ഡയറക്ടറേറ്റ്, രാജസ്ഥാന്‍ ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ നിന്നുള്ള 100 എന്‍സിസി കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. കോവിഡ് 19 നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 600 കേഡറ്റുകള്‍ ഉള്‍പ്പെടുന്ന ക്യാമ്പ് ആദ്യമായാണ് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ നടത്തുന്നത്.
എല്ലാ കേഡറ്റുകളും സ്റ്റാഫും അവരുടെ വീട്ടില്‍/ ഓഫീസുകളില്‍ നിന്ന് പരിപാടിയില്‍ പങ്കെടുക്കുന്നു. ആറ് ദിവസം നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്ന കേഡറ്റുകള്‍ അതത് സംസ്ഥാനങ്ങളിലെ ചരിത്രം, ഭൂമിശാസ്ത്രം, സമ്പദ് വ്യവസ്ഥ, സംസ്‌കാരം, പാരമ്പര്യങ്ങള്‍, പാചകരീതികള്‍ എന്നിവയെക്കുറിച്ച് അവതരണങ്ങള്‍ നടത്തും. ചരിത്രപരവും സാംസ്‌കാരികവും വിനോദസഞ്ചാരപരവുമായ പ്രാധാന്യമുള്ള സ്ഥലങ്ങളെക്കുറിച്ചുള്ള പാട്ടുകള്‍, നൃത്തങ്ങള്‍, വീഡിയോകള്‍ എന്നിവയും കേഡറ്റുകള്‍ പരസ്പരം പ്രദര്‍ശിപ്പിക്കും. എന്‍സിസി കേഡറ്റുകളുടെ സമഗ്രവികസനത്തിനായി ക്വിസും ഡിബേറ്റും നടക്കും.