International News

സാന്ത്വനത്തിന്റെ കൈ വിരൽ സ്പർശം; ഇന്ന് ലോക നഴ്‌സ് ദിനം

സ്വർഗ്ഗത്തിലെ മാലാഖമാരെ നമ്മളാരും കണ്ടിട്ടില്ല എന്നാൽ ഭൂമിയിലെ മാലാഖമാർ ആരാണെന്ന ചോദ്യത്തിന് നമ്മൾ നഴ്സുമാരെ ചൂണ്ടിക്കാട്ടും. തൂവെള്ള വസ്ത്രമണിഞ്ഞ അവരെ ആദരിക്കാനുള്ള ദിനമായി മേയ് 12 ലോക നഴ്‌സ് ദിനമായി ആചരിക്കുന്നു.

പരിചരണം, ശുശ്രൂഷ എന്നീ രണ്ട് വാക്കിന്റെ അർത്ഥം സ്വന്തം ജീവിതം കൊണ്ട് കാട്ടിത്തരുന്നവരാണ് ഓരോ നഴ്സുമാരും. ആത്മാവിനെയും ശരീരത്തെയും സേവനത്തോട് കൂട്ടി കെട്ടി ഈ ലോകത്തെ മനോഹരമാക്കി മാറ്റുന്നു അവർ.

ചിലപ്പോളെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യമില്ലാതെ ആശുപത്രികളിൽ ഒറ്റക്കാവുമ്പോൾ നമുക്ക് തുണയായി എത്തുന്നത് അവർ മാത്രമാണ്.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആരോഗ്യമേഖലയിലിൽ ഇന്നുള്ളതിൽവെച്ച് ഏറ്റവും വലിയ തൊഴിൽ വിഭാഗമാണ് നഴ്സിംഗ് രംഗം. അടുത്തിടെ പുറത്തുവന്ന ഒരു റിപ്പോർട്ടുകൾ പ്രകാരം ലോകത്ത് ആകെ 59% ആരോഗ്യ വിദഗ്ധരുണ്ട്. എന്നാൽ ആഗോളതലത്തിലായി ആകെ 28 ദശലക്ഷത്തിൽ താഴെ നഴ്‌സുമാരുമാണുളളത്. നാൾക്കുനാൾ വർദ്ധിച്ചുവരുന്ന ജനസംഖ്യയെ കണക്കിലെടുക്കുമ്പോൾ ലോകത്തിനാവശ്യമായ നേഴ്സുമാരുടെ എണ്ണം 5.9 ദശലക്ഷത്തോളം കുറവാണ് എന്നാണ് കണ്ടെത്തൽ.

നേഴ്സിങ് എന്ന തൊഴിലിനെ ഒരു പുണ്യകർമമായി തിരുത്തിയെഴുതിയ ഫ്ളോറൻസ് നൈറ്റിങ്ഗേലിന്റെ ജന്മദിനമാണ് നേഴ്സസ് ദിനമായി നാം ആചരിക്കുന്നത്. വിളക്കേന്തിയ വനിത എന്ന പേരിൽ ലോകം വിളിച്ചു പാടുന്ന ഇവരാണ് ഇന്ന് നാം കാണുന്ന ആധുനികമായ ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവ്.

ഒരു സമ്പന്ന കുടുംബത്തിലാണ് നൈറ്റിങ്ഗേൽ ജനിച്ചത്. ഒരു നഴ്‌സാകാനും അപരിചിതരെ പരിപാലിക്കാനുമെല്ലാം അക്കാലത്ത് എല്ലാ പാരമ്പര്യങ്ങളിലും ലംഘനങ്ങളും വിലക്കുകളും ഉണ്ടായിരുന്നു. ക്രിമിയൻ യുദ്ധകാല സമയത്ത്, അതിൽ പങ്കെടുത്ത ഭൂരിഭാഗം സൈനികരും വേണ്ട ചികിത്സകൾ ലഭിക്കാത്തതു മൂലം മരണമടയുന്നു എന്ന വാർത്ത കേട്ടറിഞ്ഞ നൈറ്റിങ്ഗേൽ മുൻനിരയിലേക്കിറങ്ങി അതിൻ്റെ കാരണം കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. ലഭിച്ച സ്ഥിതിവിവരക്കണക്കുകളുടെ കണ്ടെത്തലുകളിൽ നിന്നും സൈനികരുടെ മരണത്തിൻ്റെ പ്രാഥമിക കാരണം അശുദ്ധകരമായ അന്തരീക്ഷ പരിസ്ഥിതികളും അതിൻ്റെ ഫലമായുണ്ടായ അണുബാധകളുമാണെന്ന് അവർക്ക് കണ്ടെത്താനായി. അക്കാര്യത്തിൽ ആവശ്യമായ മാറ്റങ്ങളെല്ലാം മുന്നോട്ടു വച്ചുകൊണ്ട് പൊതുജനാരോഗ്യനു വേണ്ടി അവർക്ക് ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞു.

ഫ്ലോറൻസ് നൈറ്റിങ്ഗേലിൻ്റെ പ്രവർത്തനങ്ങൾ മെഡിക്കൽ രംഗത്ത് പുതിയ മാറ്റങ്ങൾ കൊണ്ടുവരുകയും വിപ്ലവത്തിന് വഴിതുറക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ അരനൂറ്റാണ്ടായി, ലോകത്തെ എല്ലാ ഭാഗങ്ങളിലുമായി നേഴ്സിങ് എന്ന തൊഴിൽ മേഖല വളരെയധികം വികസിക്കുകയും സ്വയം രൂപാന്തരപ്പെടുകയും ചെയ്തിട്ടുണ്ട്. നഴ്‌സ് പ്രാക്ടീഷണർമാർ, കേസ് മാനേജർമാർ, പ്രത്യേക ഓപ്പറേറ്റിംഗ് റൂം, ഇന്റൻസീവ് കെയർ യൂണിറ്റ്, ഹോം നഴ്സിംഗ് തുടങ്ങിയ ക്രമീകരണങ്ങളെല്ലാം നമ്മൾ ഇന്ന് കാണുന്ന രീതിയിലായി മാറിയതിനു പിന്നിൽ നൈറ്റിംങ്ഗേലിന് വലിയ പങ്കുണ്ട്.

ലോകത്തിൽ ഇത് വരെ ഉണ്ടായ പ്രകൃതി ദുരന്തങ്ങളോ , മഹാമാരികളോ, പകർച്ച വ്യാധികളോ കണക്കിലെടുത്താൽ അതിലൊന്നും തളർന്ന് പോകാതെ കൈത്താങ്ങായി നിലകൊണ്ടിട്ടുള്ളത് നഴ്സുമാരാണ്. രാവും പകലും എന്നിലാതെ എല്ലായ്പ്പോഴും അവർ ഉണർന്നിരിന്നു പ്രവർത്തിക്കുന്നുണ്ടാവും.

ഒരു കാലത്ത് നഴ്സുമാർ നടത്തിയ നിരന്തരമായ ബഹുജന രോഗപ്രതിരോധ പ്രചരണമാണ് വസൂരിയെന്ന രോഗത്തിൻ്റെ നിർമാർജ്ജനത്തിന് കാരണമായി മാറിയിട്ടുള്ളത്. ചരിത്രത്തിലുടനീളം പകർച്ചവ്യാധികൾക്ക് എതിരായി ഉണ്ടായിട്ടുള്ള എല്ലാ പോരാട്ടങ്ങളിലും നഴ്സുമാർ സമാനമായ രീതിയിൽ രോഗപ്രതിരോധത്തിന് പിന്തുണച്ചിട്ടുണ്ട്. കോളറ, ഡിഫ്തീരിയ, മീസിൽസ്, മം‌പ്സ്, റുബെല്ല, ഹെപ്പറ്റൈറ്റിസ് എ, ബി, എച്ച്1 – എൻ1, എന്തിനേറെ പറയണം, നിപ്പ വൈറസ് പ്രതിരോധവും ഇതിന് ഉദാഹരണമാണ്.

മഹാ മാരികളുടെ കാലത്ത് മറ്റുള്ളവർക്ക് വേണ്ടി സ്വന്തം ജീവൻ ബലി കഴിച്ച ഒരുപാട് മാലാഖമാർ നമുക്ക് ചുറ്റുമുണ്ട് അതിനൊരു ഉദാഹരണമാണ് നിപ കാലത്ത് മരണപ്പെട്ട ലിനി സിസ്റ്റർ.

കോവിഡ് മഹാമാരി ലോകം മുഴുവൻ മരണം വിതച്ച് കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ഇതിന്റെ പ്രതിരോധ യുദ്ധത്തിൽ പടയാളികളായി നിന്ന് കൊണ്ട് വൈറസിനെതിരെ പോരാടുകയും നമുക്ക് ചുറ്റും സംരക്ഷണവലയം തീർക്കുന്നവരുടെയും കൂട്ടത്തിൽ ഏറ്റവും മുന്നിലുള്ളത് നമ്മുടെ നഴ്സുമാരാണ്,

ഈ മഹാമാരിയുടെ കാലത്ത് സ്വന്തം ജീവൻ പോലും പണയം വച്ചുകൊണ്ട് ലോകമെമ്പാടുമുള്ള മുഴുവൻ ജനങ്ങളെയും കരുതലോടെയും കാരുണ്യത്തോടെയും കാത്തു പരിപാലിക്കുന്ന ഓരോ മാലാഖമാർക്കും ഈ ദിവസത്തിൻ്റെ മുഴുവൻ ആദരവും നേർന്നുകൊള്ളുന്നു. അതോടൊപ്പം നേഴ്സിംഗ് എന്ന തൊഴിലിനെ കരുതലിൻ്റെയും കാരുണ്യത്തിന്റെയും കർമമമാക്കി മാറ്റിയെടുത്ത എല്ലാ നേഴ്സുമാർക്കുമായി ഈ ദിനം സമർപ്പിക്കുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!