മകനും മരുമകള്‍ക്കുമെതിരെ വിചിത്ര പരാതി നല്‍കി ഉത്തരാഖണ്ഡിലെ ദമ്പതിമാര്‍. വിവാഹിതരായി ആറ് വര്‍ഷമായിട്ടും തങ്ങള്‍ക്കൊരു പേരക്കുട്ടിയെ തന്നില്ല എന്ന കാരണമാണ് മകനും മരുമകള്‍ക്കുമെതിരെ കേസ് കൊടുക്കാന്‍ മാതാപിതാക്കളെ പ്രേരിപ്പിച്ചത്. ഒന്നുകില്‍ മകനും മരുമകളും് ഒരു വര്‍ഷത്തിനകം പേരക്കുട്ടികളെ നല്‍കണം ഇല്ലെങ്കില്‍ അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നല്‍കണം എന്നതാണ് ആ ദമ്പതികളുടെ ആവശ്യം.
ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ എസ്.ആര്‍. പ്രസാദും ഭാര്യ സാധനാ പ്രസാദുമാണ് മകനായ ശ്രേയ് സാഗറിനും, മരുമകളായ ശുഭാംഗിക്കുമെതിരെ കേസ് കൊടുത്തത്.
2016 ലാണ് മകനെ വിവാഹം കഴിപ്പിച്ചത്. അന്നു മുതല്‍ ഒരു പേരക്കുട്ടിയെ ലഭിക്കാന്‍ ആഗ്രഹിക്കുകയാണ്. എന്നാല്‍ ഇതുവരെ കുഞ്ഞ് പിറന്നില്ലെന്നും പ്രസാദ് പറയുന്നു. മകനെ പഠിപ്പിക്കാന്‍ വേണ്ടി തന്റെ സമ്പാദ്യം മുഴുവന്‍ ചെലവാക്കി, എന്നിട്ടും ഒരു പേരക്കുട്ടിയെ മകനും ഭാര്യയും കുടുംബത്തിന് നല്‍കിയില്ലെന്നുമാണ് പരാതി നല്‍കിയ പ്രസാദ് പറയുന്നത്.
മകന്റെ വിദ്യാഭ്യാസത്തിനും അമേരിക്കയിലെ പൈലറ്റ് പരിശീലനത്തിനുമായി തന്റെ സമ്പാദ്യമെല്ലാം ചെലവഴിച്ചതായി പ്രസാദ് പറഞ്ഞു. ഉള്ളതെല്ലാം വിറ്റ് പെറുക്കി മകനെ പഠിപ്പിച്ച തങ്ങളുടെ കൈയില്‍ ഇപ്പോള്‍ ഒന്നും അവശേഷിക്കുന്നില്ല. പേരക്കുട്ടികളെ പ്രതീക്ഷിച്ചാണ് 2016 -ല്‍ മകന്റെ വിവാഹം നടത്തിയതെന്നും പ്രസാദ് പറയുന്നു. അന്നുമുതല്‍ തങ്ങള്‍ ഒരു പേരക്കുട്ടിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അതിനി ആണ്‍കുട്ടിയായാലും, പെണ്‍കുട്ടിയായലും തനിക്ക് സന്തോഷമേയുള്ളൂവെന്ന് പ്രസാദ് പറയുന്നു. വിവാഹശേഷം മധുവിധുവിനായി അവരെ തായ്ലന്‍ഡിലേക്ക് അയച്ചതും തങ്ങളാണെന്ന് അവര്‍ പറയുന്നു. എന്നാല്‍, പേരക്കുട്ടിയെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം അവര്‍ തങ്ങളെ മാനസികമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് മാതാപിതാക്കളുടെ ആരോപണം.
ഇന്നത്തെ സമൂഹത്തിന്റെ യാഥാര്‍ത്ഥ്യമാണ് ഇവരുടെ അവസ്ഥയെന്നാണ് പ്രസാദിന്റെ അഭിഭാഷകന്‍ പറഞ്ഞത്. ‘നമ്മള്‍ നമ്മളുടെ കുട്ടികളില്‍ നിക്ഷേപിക്കുന്നു, നല്ല സ്ഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ ഇവരെ പ്രാപ്തരാക്കുന്നു. കുട്ടികള്‍ അവരുടെ മാതാപിതാക്കള്‍ക്ക് അടിസ്ഥാന സാമ്പത്തിക സംരക്ഷണം നല്‍കേണ്ടതുണ്ട്,’ അഭിഭാഷകന്‍ എകെ ശ്രീവാസ്തവ പറഞ്ഞു.
തന്റെ ഹര്‍ജിയില്‍ മകനില്‍ നിന്നും മരുമകളില്‍ നിന്നും 2.5 കോടി രൂപ വീതം താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രസാദ് പറയുന്നു. ഒന്നുകില്‍ തനിക്ക് ഒരു പേരക്കുട്ടിയെ തരിക, ഇല്ലെങ്കില്‍ മകനെ ഈ നിലയില്‍ എത്തിക്കാന്‍ ചെലവാക്കിയ പണത്തിന് പകരമായി അഞ്ചുകോടി രൂപ നഷ്ടപരിഹാരമായി നല്‍കുക എന്നതാണ് ഇവരുടെ ആവശ്യം. ‘ഇന്നത്തെ സമൂഹത്തിന്റെ യഥാര്‍ത്ഥ ചിത്രമാണ് ഈ കേസിലൂടെ പുറത്ത് വരുന്നതെ’ന്നാണ് മകനെതിരെ ഹര്‍ജി നല്‍കിയ പ്രസാദിന്റെ അഭിഭാഷകന്‍ എ.കെ ശ്രീവാസ്തവയുടെ വാദം.