പാക്കിസ്ഥാനില്‍ പതിച്ചത് ഇന്ത്യന്‍ മിസൈല്‍ എന്ന് സ്ഥിരീകരിച്ച് പ്രതിരോധ മന്ത്രാലയം. ഇന്ത്യന്‍ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാക്കിസ്ഥാനില്‍ പതിച്ചത് അബദ്ധത്തിലാണെന്നും സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും അന്വേഷണത്തിന് ഉത്തരവിട്ടതായും ഇന്ത്യന്‍ സര്‍ക്കാര്‍ അറിയിച്ചു.
മാര്‍ച്ച് ഒന്‍പതിന് അറ്റകുറ്റപണികള്‍ക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് മിസൈല്‍ വിക്ഷേപണത്തിന് കാരണമെന്ന് പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു. ”പാക്കിസ്ഥാനിലെ ഒരു പ്രദേശത്താണ് മിസൈല്‍ പതിച്ചതെന്നാണ് വിവരം. സംഭവം അങ്ങേയറ്റം ഖേദകരമാണെങ്കിലും, അപകടത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നതും ആശ്വാസകരമാണ്,” കുറിപ്പില്‍ പറഞ്ഞു. സംഭവം ഗൗരവപരമായാണ് ഇന്ത്യ കാണുന്നതെന്നും ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടതായും സര്‍ക്കാര്‍ വ്യക്തമാക്കി.
ഇന്ത്യന്‍ സൂപ്പര്‍സോണിക് മിസൈല്‍ സിര്‍സയില്‍ നിന്ന് പറന്നുയര്‍ന്ന് പാക് അതിര്‍ത്തിയില്‍ 124 കിലോമീറ്റര്‍ അകലെ ഖനേവാള്‍ ജില്ലയിലെ മിയാന്‍ ചന്നുവിനു സമീപം പതിച്ചതായി പാക്കിസ്ഥാന്‍ സൈനിക വക്താവ് മേജര്‍ ജനറല്‍ ബാബര്‍ ഇഫ്തിഖര്‍ വ്യാഴാഴ്ച വൈകുന്നേരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയുടെ പ്രസ്താവന. സംഭവത്തില്‍ പാക്കിസ്ഥാന്‍ വെള്ളിയാഴ്ച ഇന്ത്യന്‍ പ്രതിനിധിയെ വിളിച്ചുവരുത്തി ശക്തമായ പ്രതിഷേധം അറിയിക്കുകയും സുതാര്യമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ഇന്ത്യയിലെ സിര്‍സയില്‍ നിന്ന് വൈകുന്നേരം 6.03 ഓടെയാണ് മിസൈല്‍ പറന്നുയര്‍ന്നത്. തുടക്കത്തില്‍ ഇന്ത്യയുടെ മഹാജന്‍ ഫീല്‍ഡ് ഫയറിംഗ് ബേസുകളിലേക്കാണ് നീങ്ങിയത്, എന്നാല്‍ ഏകദേശം 70 മുതല്‍ 80 കിലോമീറ്റര്‍ വരെ സഞ്ചരിച്ച ശേഷം, ദിശ മാറി വടക്ക് പടിഞ്ഞാറ് പാക്കിസ്ഥാന്‍ വ്യോമാതിര്‍ത്തിയിലേക്ക് നീങ്ങുകയായിരുന്നു. ഏതുതരം മിസൈലാണ് ഇതെന്ന് ഇന്ത്യയോ പാക്കിസ്ഥാനോ വ്യക്തമാക്കിയിട്ടില്ല.