താൻ പറഞ്ഞ ചെറിയ വിഷമത്തെ ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത ഒരു ലഹള ഉണ്ടാക്കിയെടുക്കരുതെന്ന് കോണ്‍ഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ എം.എല്‍.എ. പാർട്ടിക്കെതിരേയും പ്രതിപക്ഷ നേതാവിനെതിരേയും താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുപോയെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിൽ തന്നെ അവഗണിച്ചതായി ചാണ്ടി ഉമ്മൻ എം.എൽ.എ. കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് ഇടങ്ങളിലും തനിക്ക് ഒരു ഉത്തരവാദിത്വവും തന്നില്ലെന്നും ഒരു പഞ്ചായത്തിന്റെ ചുമതല പോലും തനിക്കുണ്ടായിരുന്നില്ലെന്നും ചാണ്ടി ഉമ്മൻ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം.
‘ഞാൻ എന്തെങ്കിലും പറഞ്ഞതിന്റെ അറ്റം പിടിച്ച്, പ്രതിപക്ഷ നേതാവിനെതിരേ പറഞ്ഞു എന്ന് പറയുന്നത് ശരിയല്ല. ചില വിഷമങ്ങൾ ചിലർക്കുണ്ടാകില്ലേ. അതിനെ പർവതീകരിച്ച് ഞാൻ എന്തോ വലിയ നിലപാട് എടുത്തു എന്ന തരത്തിൽ പറയുന്നത് ശരിയാണോ? പ്രതിപക്ഷ നേതാവിനെ വ്യക്തിപരമായി ആക്ഷേപിച്ചു എന്ന് പറയുന്നത് ശരിയാണോ? ചുമതല ഇല്ലായിരുന്നതുകൊണ്ട് പാർട്ടി പറയുന്നത് കൊണ്ട് മാത്രം പോകണം എന്ന് തീരുമാനിച്ചു. അതാണ് ഞാൻ പറഞ്ഞത്. മാധ്യമങ്ങളാണ് ഊതിപ്പെരുപ്പിച്ച് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലേക്ക് കൊണ്ടു പോയത്. ഞാൻ പാർട്ടിക്കെതിരേയോ പ്രതിപക്ഷ നേതാവിനെതിരേയോ പറഞ്ഞിട്ടില്ല. ഞാൻ പറഞ്ഞ കാര്യത്തിൽ പറഞ്ഞതാണ്. വ്യക്തിപരമായോ പാർട്ടിക്കെതിരേയോ അല്ലപറഞ്ഞത്. ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറഞ്ഞതാണ്. പാലക്കാട് പോയില്ല, പാലക്കാട് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ ശ്രമിക്കുന്നു, രാഹുലിനെതിരാണ്… ഇതിൽ ഒരു സത്യവുമല്ല. ഇതിനുള്ള മറുപടി കൃത്യമായി നൽകിയിട്ടുണ്ട്’- ചാണ്ടി ഉമ്മൻ പറഞ്ഞു. താൻ ഒരു ചെറിയ വിഷമം പറഞ്ഞതിനെ ഊതിപ്പെരുപ്പിച്ച് ഇല്ലാത്ത ഒരു ലഹള ഉണ്ടാക്കിയെടുക്കരുതെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
സൈബർ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിന്; അതെല്ലാം വ്യാജ ഐഡികളാണെന്നും തനിക്കെതിരേയുള്ള സ്ഥിരം കലാപരിപാടികളാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനോട് വിരോധമുള്ളതുകൊണ്ടാണ് അവർ അത്തരത്തിൽ പറയുന്നതെന്നും അവർ കോൺഗ്രസുകാരല്ലെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.ഉപതിരഞ്ഞെടുപ്പിൽ മാറ്റി നിർത്തപ്പെട്ടതിൽ അതൃപ്തിയില്ലേ എന്ന ചോദ്യത്തിന്; ഞാൻ പറഞ്ഞതെല്ലാം പറഞ്ഞതാണ്, പക്ഷെ പ്രതിപക്ഷ നേതാവാണ് അതിനുത്തരവാദി എന്ന് താൻ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പറയാനുള്ളത് പാർട്ടിക്കകത്ത് പറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.