മംഗളൂരു: മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവില്‍ മുസ്ലീം യുവതിയെ വിവാഹം ചെയ്ത് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകന്‍. ദക്ഷിണ കന്നഡയിലെ സൂറത്ത്കല്‍ പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് ഭണ്ഡാരി ആണ് ആയിഷ എന്ന യുവതിയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹം പ്രദേശത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വന്‍ ആഘോഷമാക്കിയെന്നാണ് കന്നഡ മാധ്യമങ്ങളിലെ റിപ്പോര്‍ട്ട്.
ഇന്നലെയായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ ചടങ്ങുകള്‍ നടന്നത്. നവംബര്‍ 30ന് ആയിഷയെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് പ്രശാന്ത് പെണ്‍കുട്ടിയുടെ കുടുംബത്തെ സമീപിച്ചിരുന്നു. എന്നാല്‍ കുടുംബത്തിലെ മറ്റുള്ളവരുമായി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്നായിരുന്നു മറുപടി. എന്നാല്‍ അന്ന് വൈകുന്നേരം ഇരുവരെയും കാണാതായിരുന്നു. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാണിച്ച് ആയിഷയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഡിസംബര്‍ എട്ടിന് ഇരുവരും വിവാഹിതരായെന്ന വിവരങ്ങള്‍ പുറത്തുവന്നത്.
അതേസമയം, സൂറത്ത്കല്‍ ടൗണിലെ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ഇരുവരുടെയും വിവാഹം സോഷ്യല്‍മീഡിയയില്‍ വന്‍ ആഘോഷമാക്കുകയാണ്. വിവാഹ വേഷത്തില്‍ നില്‍ക്കുന്ന ദമ്പതികളുടെ ഫോട്ടോകള്‍ സഹിതമാണ് പ്രചരണം.